Thursday, November 3, 2011

ആല്‍ത്തറ...


ഞങ്ങളുടെ നാട്ടിലെ അരയാല്‍ മുത്തശിക്ക് പ്രായം ഏകദേശം നൂറ്റി അന്‍പതിനു മുകളില്‍ കാണും. ഒരു പാട് തലമുറകള്‍ക്ക് താങ്ങും തണലും നല്‍കി അത് ഇന്നും മൂകമായി അവിടെത്തന്നെ നിലകൊള്ളുന്നു. എന്റെ അച്ഛനും മുത്തച്ചനും അവരുടെ കുട്ടിക്കാലത്ത് ഈ മുത്തശിയുടെ ചുവട്ടില്‍ ഓടി കളിച്ചിട്ടുണ്ട്. പണ്ട് മുതലേ ഓണക്കാലത്ത് നാട്ടിലുള്ള ആള്‍ക്കാര്‍ പിരിവെടുത്തു ഈ ആല്‍മരത്തില്‍ ഒരു ഉഞ്ഞാല്‍  കെട്ടാറുണ്ട്.... കാലമൊത്തിരി   മാറിയെങ്കിലും ഇന്നും അതിനു മാത്രം ഒരു മാറ്റവും ഇല്ല.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നബിദിനത്തിന് ആരോ അതില്‍ ഒരു പച്ച കൊടി കെട്ടി, രണ്ട് ദിവസങ്ങള്‍ക്കു ശേഷം ഒരു വിളക്കും കാവി കൊടിയും കൂടി അതില്‍ പ്രത്യക്ഷപെട്ടു. ആല്‍മരത്തിനു ഇരു വശങ്ങളിലും നിന്ന് ആള്‍ക്കാര്‍ വാഗ്വാദങ്ങള്‍ നടത്തി, ഒടുവില്‍ അവര്‍ മുത്തശ്ശിയുടെ മാറിനെ രണ്ടായി പകുത്തു ചോര കുടിച്ചു. ഇതിലൊന്നും തളരാതെ മുത്തശ്ശി ഇന്നും അവിടെ നിലകൊള്ളുന്നു ഇനി വരാനുള്ള ഒരു തലമുറയ്ക്ക് തണലേകാന്‍, അവരുടെ ബാല്യങ്ങള്‍ക്ക്‌ നിറഭേദങ്ങള്‍ പകരാന്‍.
ഈ ആല്‍മരത്തെ ചുറ്റിയുള്ള സംഭവ ബഹുലമായ സമരങ്ങള്‍ നടക്കുന്നതിനിടയില്‍ ഒരു നാളാണ് എന്റെ കഥയുടെ തുടക്കവും... "മഞ്ഞു വീഴ്ചയുള്ള ഡിസംബറിലെ ഒരു തണുത്ത പ്രഭാതം, ഒരു സുഹൃത്തിനെ അതിരാവിലെ തൊട്ടടുത്തുള്ള ടൌണില്‍ കൊണ്ട് വിട്ടിട്ടു വരുന്ന വഴിയാണ്.

ഞങ്ങളുടെ ഗ്രാമത്തില്‍ അതിരാവിലെ ബസ്‌ ഇല്ല (അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു). പുറത്തേക്കു പോകുന്നവരെ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ടൌണില്‍ ബൈക്ക്, ഓട്ടോ മുതലായ വാഹനങ്ങളില്‍ കൊണ്ട് വിടുകയാണ് പതിവ്. അവര്‍ അവിടെ നിന്നും ബസ്‌ കയറി പോകും. മടങ്ങി വരുന്ന വഴി ഞാന്‍ വെറുതെ ആല്‍മര ചോട്ടിലെ കല്‍പാകിയ തറയില്‍ കയറി ഇരുന്നു. അവിടെ ഇരുന്നാല്‍ ഗ്രാമത്തിലുള്ള മുഴുവന്‍ ആളുകളുടെയും ജീവിതം അടുത്തറിയാന്‍ കഴിയും.
സുര്യന്‍ ഇതുവരെയും തൊട്ടടുത്തുള്ള കുന്നിന്‍ മുകളില്‍ എത്തിയിട്ടില്ല, അവിടെനിന്നും മലയിറങ്ങി പുഴയും കടന്നു വയല്‍ പരപ്പിലുടെ പതിയെ വന്നു ആല്‍മരത്തിനു മുകളില്‍ കയറി ഞങ്ങളുടെ ഗ്രാമത്തെ നോക്കും, അപ്പോഴേക്കും ഗ്രാമ വാസികള്‍ കര്‍മ നിരതര്‍ ആകാന്‍ തുടങ്ങും. തൊട്ടടുത്തുള്ള ദാമുവേട്ടന്റെ ചായക്കട ആണ് ആദ്യം തുറക്കുന്നത്, ഒരു ചായ കുടിച്ചിട്ട് ആദ്യ ബസ്സിന് പോകാനുള്ളവര്‍ ആല്‍ത്തറയില്‍ വന്നിരിക്കും. സുര്യന്‍ ഉണരാന്‍ ഇനിയും സമയം ഏറെ ഉണ്ട്, എനിക്കും മുന്നേ ഇവിടെ ഇതുപോലെ എത്ര തലമുറകള്‍ ഇരുന്നിട്ടുണ്ടാകും, ഇനിയുമെത്ര തലമുറകള്‍ ഇവിടെ വരാനിരിക്കുന്നു. പലപ്പോഴും ഞാന്‍ അവിടെ ഇരുന്നു മുത്തശ്ശി അരയാലിനോട് പലതും ചോദിച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ ചില്ലകള്‍ ഇളക്കി എന്നോട് മറുപടി പറയാറുണ്ട് മുത്തശ്ശി.
അങ്ങനെ മുത്തശ്ശിയോട് കിന്നരം പറഞ്ഞിരിക്കുമ്പോള്‍ വിദുരതയില്‍  നിന്നും മഞ്ഞു ഒഴുകി വരുന്നത് പോലെ ഒരു രൂപം എന്റെ അരികിലേക്ക് വന്നു. അതെന്റെ അടുതെതിയപ്പോള്‍ ആണ് മനസ്സിലായത് അതൊരു പെണ്‍കുട്ടി ആണെന്ന കാര്യം. കയ്യിലൊരു പാല്‍ പത്രവുമായി അവള്‍ എന്നെയും കടന്നു വീണ്ടും വിദുരതയില്‍ ലയിച്ചു. അവള്‍ പോയി കഴിഞ്ഞിട്ടും അവളുടെ നിമിഷ സാമിപ്യം എന്റെ മനസ്സില്‍ ഒരു മഞ്ഞു കോരിയിട്ട പ്രെതിതി ഉളവാക്കി. അവളെ വീണ്ടും വീണ്ടും കാണണം എന്ന ചിന്ത ഉടലെടുത്തു. പിന്നിട് എല്ലാ ദിവസവും അതിരാവിലെ ഞാന്‍ അവളെയും കാത്ത് ഇരിക്കുമായിരുന്നു അല്‍മരചോട്ടില്‍. കുറെ നാളുകള്‍ക്ക് ശേഷം അതുവഴി കടന്നു പോകുന്ന അവള്‍ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു തുടങ്ങി.
ഒരു പക്ഷെ എന്നെ നേരിട്ടരിയവുന്നവര്‍ക്കറിയാം എന്റെ പട്ടാളത്തില്‍ പോകനുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ച്, ആ ആഗ്ഗ്രഹം ഉടലെടുത്തത് ഇവിടെ നിന്നാണ്. രാവിലെ അവളെ കാണാന്‍ പോകാന്‍ ഒരു കാരണം വേണം. അതിനുള്ള കുറുക്കുവഴി ആയിരുന്നു ഈ പട്ടാള സ്നേഹവും വെളുപ്പാന്‍ കാലത്തെ ഓട്ടവും. :-)

കഥ അധികം നീട്ടി നിങ്ങളുടെ ക്ഷമ പരിക്ഷിക്കുന്നില്ല, ക്ലൈമാക്സ്‌ ഇപ്പോള്‍ തന്നെ പറയാം....എന്നോടൊപ്പം വേറെ ഒരാളും അവളെ സ്നേഹിക്കുന്നുണ്ടായിരുന്നു അത് വേറെ ആരും അല്ല എന്റെ സ്വന്തം ചേട്ടന്‍ തന്നെ ആയിരുന്നു... :-(

പുള്ളി എന്നേക്കാള്‍ കുറച്ചു കൂടി അഡ്വാന്‍സ്‌ ആയിരുന്നു എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ അറിഞ്ഞു കാരണം എനിക്കും മുന്‍പേ കക്ഷി അവള്‍ക്കു ലവ് ലെറ്റര്‍ കൊടുത്തിരുന്നു.. :-)

ഇതൊന്നും അറിയാതെ ഞാന്‍ എല്ലാ ദിവസവും രാവിലെ അവളെ നോക്കി ചിരിക്കും, ഒരു അനുജനോടുള്ള സ്നേഹത്തോടെ അവള്‍ എന്നെ നോക്കിയും..
എന്തായാലും അവള്‍ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ്.. ചേട്ടന്റെ പ്രണയം തകര്‍ന്നു ചേട്ടനും ഇന്ന് വേറെ കല്യാണം കഴിച്ചു ജീവിക്കുന്നു, ... ഈ കാര്യങ്ങള്‍ എനിക്കരിയമെന്നു ചേട്ടനും അറിയില്ല ആര്‍ക്കും അറിയില്ല.. എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ചിന്തകള്‍ പ്രവാസ ജീവിതത്തിലെന്നോ ഞാന്‍ തന്നെ കുഴിച്ചു മൂടിയതാണ്..

 ഇന്ന് രാവിലെ നാട്ടിലുള്ള ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നതാണ് എന്നെ വീണ്ടും ഇത് ചിന്തിപ്പിച്ചത് " റോഡ്‌ വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നമ്മുടെ മുത്തശ്ശി ആല്‍മരത്തിനെ മുറിച്ചു മാറ്റാന്‍ പോകുവാണെന്ന്.... 
കഴിഞ്ഞ പ്രാവശ്യം അവധിക്കു പോയപ്പോഴും ഞാന്‍ കുറെ നേരം ആ ആല്‍ത്തറയില്‍ പോയിരുന്നായിരുന്നു....പോകാന്‍ നേരം അരയാല്‍ മുത്തശ്ശി ചില്ലകളിലാക്കി എന്നോട് യാത്ര പറഞ്ഞിരുന്നു..ഇനി അതുണ്ടാകില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ എവിടെയൊക്കയോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധമുള്ള നൊമ്പരത്തിന്റെ പൂക്കള്‍ മൊട്ടിടുന്നു..

No comments:

Post a Comment