Sunday, November 20, 2011

പേ തമ്പുരാന്‍


ഇന്നലെ വൈകുന്നേരം വീട്ടില്‍ വിളിച്ചപ്പോള്‍ അമ്മയാണ് ഫോണ്‍ എടുത്തത്‌, അച്ഛന്‍ എവിടെ എന്ന ചോദ്യത്തിന് നിലവിളക്ക് കൊളുത്തുകയാണെന്ന്  പറഞ്ഞു..സത്യത്തില്‍ എനിക്ക് ചിരിയാണ് വന്നത്.. ഇന്നെന്തായാലും അച്ഛനോട് സംസാരിചിട്ടെ ഫോണ്‍ വൈക്കുന്നുള്ള് എന്ന് പറഞ്ഞു ഞാന്‍ നിന്നു.. സത്യത്തില്‍ പഴയകാല പല വിപ്ലവ കാരികളും, നിരിശ്വരവാദികളും ഇന്ന് വലിയ ദൈവവിശ്വാസികള്‍ ആണ്.. പൂജ മുറിയില്‍ നിന്നും വരുന്ന അച്ഛന് വേണ്ടി കാത്തിരിക്കുന്നതിനിടയില്‍ എന്റെ മനസ്സ് കുട്ടിക്കാലത്ത് നടന്ന ഒരു സംഭവത്തിലേക്ക് പെട്ടെന്ന് പോയി.........
 
അന്ന് സ്കൂള്‍ വിട്ടു വന്ന ഞാന്‍ കണ്ട കാഴ്ച കട്ടിലില്‍ കിടന്നു കരയുന്ന അമ്മയെ ആണ്, കാര്യം എന്തെന്ന് അറിയുന്നതിന് മുന്നേ സ്വാഭാവികം ആയും എന്റെയും കണ്ണ് നിറഞ്ഞു. പക്ഷെ ഞാന്‍ എത്ര ചോദിച്ചിട്ടും അമ്മ ഒന്നും പറയുന്നില്ല. കുറെ സമയം കഴിഞ്ഞു അച്ഛന്‍ വന്നപ്പോള്‍ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു "താലിമാല കളഞ്ഞു പോയെന്ന കാര്യം. അച്ഛനില്‍ നിന്നും ഒരു പൊട്ടിതെറി പ്രതിക്ഷിച്ച ഞാന്‍ ഞെട്ടിപ്പോയി, അച്ഛന്‍ അമ്മയുടെ അടുത്തിരുന്നു അമ്മയെ ആശ്വസിപ്പിക്കുന്നു. എനിക്ക് അത്ഭുതമാണ് തോന്നിയത് കഴിഞ്ഞ ആഴ്ച ഒരു കുട കൊണ്ട് കളഞ്ഞതിന് എന്നെ തല്ലുക മാത്രമല്ല ഇനി അടുത്ത വര്‍ഷമേ കുട ഉള്ളു എന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ അമ്മയെ ആശ്വസിപ്പിക്കുന്നത് !!!. അച്ഛന്‍ അമ്മയെ വഴക്ക് പറയുന്നതോ, തല്ലുന്നതോ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. അവരുടെ ഈ സ്നേഹം തന്നെ ആണല്ലോ രണ്ട് കുട്ടികളില്‍ നിര്‍ത്താം എന്ന് അമ്മ പറഞ്ഞിട്ടും മൂന്നാമത് ഒരു പെണ്‍ കുഞ്ഞു കൂടി വേണമെന്ന് പറഞ്ഞു അച്ഛന്‍ എനിക്കി ഭുമിയില്‍ വരാന്‍ അവസരം നല്‍കിയത്. ""എന്തായാലും ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ അച്ഛനോട് ക്ഷമിക്കട്ടെ".
 
പ്രശ്നം ഇപ്പോള്‍ അതല്ല അമ്മയുടെ താലിയും മലയും കൂടെ കളഞ്ഞു പോയി, ഈ വാര്‍ത്ത‍ പെട്ടെന്ന് തന്നെ അയല്‍ വാസികള്‍ ഒക്കെ അറിഞ്ഞു. അമ്മയുടെ കൂട്ടുകാരികള്‍ എന്ന് അവര്‍ പറയുന്ന അയലത്തെ സ്ത്രി കഥാപാത്രങ്ങള്‍ കട്ടിലിനു ചുറ്റും ഇരുന്നു അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രെമിച്ചു.... ആശ്വാസ വാക്കുകള്‍ക്കും, ഉപദേശങ്ങള്‍ക്കും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ലോകം എന്നെ ഇല്ലാതായേനെ. കരച്ചിലിനിടയില്‍ ഇടക്കൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു ആ താലിയെന്കിലും തിരിച്ചു കിട്ടിയാല്‍ മതിയാരുന്നു ഭഗവാനെ എന്ന്. അച്ഛനും മാമന്‍മാരും കൂടെ അമ്മയുടെ മാല തിരക്കി ഇറങ്ങി ഞാനും അവരോടൊപ്പം കൂടി, അമ്മ പശുവിനെയും കൊണ്ട് പോയ വഴിയിലും സാധാരണ നടക്കാറുള്ള ഇടങ്ങളിലും ഒക്കെ ഞങ്ങള്‍ ഓരോ കരിയിലയും കയ്യിലെടുത്തു തിരച്ചില്‍ തുടങ്ങി. ചുരുക്കം പറഞ്ഞാല്‍ വീട്ടിലേക്കുള്ള വഴിയും, പറമ്പും കുറച്ചു കരിയില മാറി വൃത്തി ആയതല്ലാതെ ഒരു ഗുണവും കിട്ടിയില്ല. നേരം സന്ധ്യ ആയതു കൊണ്ട് ഞങ്ങള്‍ തിരച്ചില്‍ മതിയാക്കി വീട്ടില്‍ തിരികെയെത്തി. അമ്മയെ സമാധാനിപ്പിക്കാന്‍ വന്നവരൊക്കെ ഇനി നാളെ രാവിലെ ആശ്വസിപ്പിക്കാന്‍ വരാമെന്ന് പറഞ്ഞു അപ്പോഴേക്കും യാത്ര ആയ് കഴിഞ്ഞിരുന്നു. വീട്ടില്‍ ഇപ്പോള്‍ ഞങ്ങളും കുറച്ചു നിശബ്ദതയും മാത്രം ബാക്കി. എനിക്കാണെങ്കില്‍ നല്ല വിശപ്പും സ്കൂള്‍ വിട്ടു വന്നിട്ട് ഒന്നും കഴിച്ചതും ഇല്ല. ഞാന്‍ കുറെ ചോര്‍ തട്ടിയിട്ടു തേങ്ങ ചമ്മന്തിയും കൂട്ടി തിന്നു, വീട്ടില്‍ വേറെ സ്ത്രി കഥാപാത്രങ്ങള്‍ ഇല്ലാത്തതു കൊണ്ടും അമ്മ എപ്പോഴും കൃഷി പണിയില്‍ അച്ഛനെ സഹായിക്കുന്നത് കൊണ്ടും വിശക്കുമ്പോള്‍ ആഹാരം വിളമ്പി കഴിക്കുക എന്നത് കുട്ടിക്കാലം മുതല്‍ക്കേ ഞങ്ങടെ വീട്ടിലെ ഒരു അലിഖിത നിയമം ആണ്. ഇത് തെറ്റിച്ചാല്‍ വിശപ്പ്‌ സഹിക്കുകയെ നിവര്‍ത്തി ഉള്ളു... എന്തായാലും അമ്മയെ അടുക്കളയില്‍ സഹായിച്ചു സഹായിച്ചു ഞാനും ഒരു നല്ല പാചകക്കാരന്‍ ആയിതിര്‍ന്ന കാര്യം പ്രവാസ ജീവിതത്തിനിടയിലാണ് മനസ്സിലായത്. (എന്തായാലും കെട്ടാന്‍ പോന്ന പെണ്ണ് ഇതരിയേണ്ട.....അവള്‍ ചിലപ്പോള്‍ ബന്ധം ഉപേക്ഷിച്ചു പോയാലോ :^)
 
രാത്രിയില്‍ അപ്പുപ്പനും അമ്മുമ്മയും വന്നു, അമ്മ അപ്പോഴും കട്ടിലില്‍ തന്നെ ചേട്ടന്‍മാര്‍ രണ്ടും മണ്ണെണ്ണ വിളക്കിന്റെ ചുവട്ടില്‍ ഇരുന്നു എന്തൊക്കയോ പഠിക്കുന്നു എങ്കിലും അവരുടെ ശ്രെധയും ഇവിടെ തന്നെ. ഞാന്‍ അമ്മയുടെ പള്ളക്കിഴില്‍ ഒട്ടിക്കിടന്നു, അമ്മ എന്നെയും കെട്ടി പിടിച്ചു കിടന്നു കരയുന്നു. സത്യത്തില്‍ അന്ന് എനിക്കറിയില്ലായിരുന്നു താലിയുടെ പവിത്രതയും, അതിനു കല്‍പ്പിച്ചിട്ടുള്ള മഹാത്മ്യവും ഒക്കെ. 
ഒടുവില്‍ അമ്മുമ്മ ആണ് ആ ആശയം മുന്നോട്ട് വെച്ചത് ""പേ തമ്പുരാന് വെറ്റിലയും അടക്കയും വയ്ക്കാം എന്ന്. " ഈ പേ തമ്പുരാന്‍ എന്ന് പറയുന്നത് കീഴാള വര്‍ഗ്ഗത്തിന്റെ ഒരു ദൈവം ആയിരുന്നു. മൂപ്പന്‍ എന്നും, അപ്പുപ്പന്‍ എന്നും,  ആയിരവില്ലി എന്നും ഒക്കെ ആളുകള്‍ അതിനെ വിളിച്ചു പോന്നിരുന്നു. ഒരു പക്ഷെ സവര്‍ണ്ണ മേധാവിത്വത്തിന്റെ തേരോട്ട കാലത്ത് അവര്‍ണ്ണര്‍ക്ക് സവര്‍ണ്ണ ദൈവങ്ങളെ ആരാധിക്കാനുള്ള അനുവാദം നിഷേധിച്ചിരുന്നു. അന്ന് അവരിലുണ്ടായ ആരാധനാ മുര്‍ത്തി ആണ് കുന്നിന്‍ പുറങ്ങളില്‍ കുറെ ഉരുളന്‍ കല്ലുകള്‍ കൂട്ടി ഇട്ടു വിളക്കു കൊളുത്തി ആരാധിച്ചു പോന്ന ഇത്തരം ദൈവ സങ്കല്പങ്ങള്‍. എന്തായാലും കാലം മാറിയപ്പോള്‍ അവര്ന്നനും സവര്‍ണ്ണനും ഒരു ദൈവം ആയതോട്‌ കൂടി ഞങ്ങളുടെ നാട്ടില്‍ നിന്നും ഈ പേ തമ്പുരാന്‍ ഇല്ലാതായി. ഇന്നാ കുന്നിന്‍ പുറത്തു വലിയ ഒരു വിഷ്ണു ക്ഷേത്രം ഉണ്ട്. തൊട്ടടുത്ത്‌ ഒരു ദേവത സങ്കല്‍പ്പവും. ഒരു കണക്കിന് ഇതും ഒരു ചുഷണം ആണ്. "നമ്മുടെ നാട്ടില്‍ സ്ത്രി കഥാപാത്രങ്ങള്‍ ആണല്ലോ കൂടുതല്‍. ഞങ്ങള്‍ പുരുഷന്‍മാര്‍ കുടുമ്പം പുലര്‍ത്താന്‍ അന്യ നാടുകളിലും. സ്ത്രികള്‍ക്ക് കൃഷ്ണനോടാണ് കൂടുതല്‍ സ്നേഹം അത് കഴിഞ്ഞു ദേവിയോടും. ഒരു പക്ഷെ പ്രശനം വെച്ച തന്ത്രി ഇതൊക്കെ മുന്നില്‍ കണ്ടിട്ടാകാം അവിടെ പേ തമ്പുരനല്ല കൃഷ്ണനും, ദേവിയുമാനെന്നു പറഞ്ഞത്. "ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ഇന്ന് കൂണ് പോലെ മുളക്കുന്ന ഈ ദേവി ക്ഷേത്രങ്ങള്‍ക്കും, കൃഷ്ണ ക്ഷേത്രങ്ങള്‍ക്കും പിന്നില്‍ ഈ ഒരു അജണ്ട ഉണ്ടോ എന്നും സംശയം ഇല്ലാതില്ല. എന്തായാലും ആ കുന്നിന്‍ പുറത്തെ അമ്പലത്തില്‍ സ്ത്രികളുടെ നല്ല തിരക്കാണ് ഇപ്പോള്‍, അത് പോലെ കാണിക്ക ഇനത്തില്‍ നല്ല വരുമാനവും. പൂജയും, നിവേദ്യവും മുറക്ക് നടന്നോട്ടെ, മൊത്തം പുണ്യവും നമുക്കു മാത്രമായി പോന്നോട്ടെ എന്നാണല്ലോ..
 
പേ തമ്പുരാന് വെറ്റില വയ്ക്കാം എന്ന് കേട്ടപ്പോള്‍ ഒരു യാഥാസ്ഥിക കമ്മ്യൂണിസ്റ്റ്‌ ആയിരുന്ന അച്ഛന്‍ അതിനെ നഖ ശിഖാന്തം എതിര്‍ത്തു ആദ്യം, എങ്കിലും അമ്മയുടെ സ്നേഹത്തിനു മുന്നുല്‍ ആ വിപ്ലവ വിര്യം പലപ്പോഴും ചോര്‍ന്നു പോകുന്നത് എനിക്ക് അനുഭവപെട്ടിട്ടുണ്ട്. "നാട്ടില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ പണ്ട് നടത്തിയ സമരങ്ങളും മുത്തുറ്റ് ഗ്രൂപിനെ പോലും തോല്പിച്ച കഥയും പാര്‍ട്ടി ഓഫീസ് കെട്ടാന്‍ സ്വന്തമായി ഭുമിക്കു വേണ്ടി എല്ലാ ഞായറാഴ്ചകളിലും തോട്ടത്തില്‍ നിന്നും കിട്ടുന്ന പൈസ പാര്‍ട്ടി ഫണ്ടില്‍ കൊടുക്കും, കൂടാതെ ഏതെങ്കിലും ഒരു തൊഴിലാളി പണിക്കു വരാതിരുന്നാല്‍ അന്നത്തെ അയാളുടെ  ജോലി എല്ലാവരും കൂടെ ചെയ്തിട്ട് ആ പൈസയും പാര്‍ട്ടി ഫണ്ടിലേക്ക് കൊടുക്കും. എന്തായാലും ഇന്ന് ഞങ്ങടെ നാട്ടില്‍ പാര്‍ട്ടിക്ക് സ്വന്തമായി ഭുമി ഉണ്ട്. മുത്തുറ്റ് ഗ്രൂപ്പ്‌ എനിക്ക് ഓര്‍മ വൈക്കുന്നതിനു മുന്നേ തോട്ടം ഉപേക്ഷിച്ചു പോയി. ആ തോട്ടം ഇന്ന് പഴയ കാല പല പാര്‍ട്ടി സഖാക്കന്‍ മാരുടെയും പേരിലാണ്. ചുളു വിലക്കവര്‍ അതിനെ വേടിച്ചു, അവിടെ പണിയെടുക്കുന്നവര്‍ ഇന്ന് അന്യനാട്ടുകാരായ തൊഴിലാളികളും. അതും തുച്ചമായ വേദനത്തില്‍ !!!. എന്തായാലും വിപ്ലവ വിര്യവും ഇല്ലായ്മയും കൊണ്ട് അകത്തേക്ക് ഒട്ടി പോയ അച്ഛന്റെ വയറിനെ നെഞ്ചിനു ഒപ്പം എത്തിക്കുവാന്‍ വേണ്ടി എനിക്കും ചേട്ടന്‍മാര്‍ക്കും കടല് കടന്നു ഈ മരുഭുമിയില്‍ അഭയം തേടേണ്ടി വന്നു.
 
പിറ്റേ ദിവസം അതിരാവിലെ ഞാനും അച്ഛനും കൂടെ പേ തമ്പുരാന് നെദിക്കാനുള്ള വെറ്റിലയും പാക്കുമായ് കുന്നിന്‍ പുറത്തു പോയി, അത് കഴിഞ്ഞു ആള്‍ക്കാര്‍ വരുന്നതും കാത്ത് ഗ്രാമ വഴിയില്‍ നിന്നു. അതിലുടെ ആര് പോയാലും അവര്‍ക്ക് ഒരു വെറ്റിലയും അടക്കയും കൊടുത്തിട്ട് ഈ താലിമാല നഷ്‌ടമായ കാര്യം പറയും, അവരെല്ലാം കിട്ടിയില്ല എന്നും പറയും. ഇനി അധവാ ഇതെടുത്ത ആരെങ്കിലും കള്ളം പറഞ്ഞാല്‍ അവരുടെ വാ പൊള്ളി പോകുമത്രേ. ഈ പാക്കും വെറ്റിലയും കയ്യില്‍ മേടിച്ചിട്ട് കളയാനും പാടില്ല, അത് ചവക്കുക തന്നെ വേണം. ഇടക്കൊക്കെ അച്ഛന്‍ ആള്‍ക്കാരോട് പറയുന്നുണ്ടായിരുന്നു ആ താലിയെന്കിലും തിരികെ കിട്ടിയാല്‍ മതിയായിരുന്നു എന്ന്. ഈ വെറ്റിലയും പാക്കും വേടിക്കുന്ന ആള്‍ക്കാര്‍ പലരോടും ഈ കാര്യം പറയും ചുരുക്കം പറഞ്ഞാല്‍ ഇത് നല്ലൊരു വാര്‍ത്ത‍ മാധ്യമം ആണ്. ഗ്രാമ വാസികള്‍ മുഴുവന്‍ അറിയുകയും ചെയ്യും പേടികാരണം എടുത്ത ആള്‍ മൂന്നു ദിവസത്തിനകം തിരികെ പേ തമ്പുരാന്റെ മുന്നില്‍ കൊണ്ട് വൈക്കുകയും ചെയ്യും.
അങ്ങനെ മൂന്നു ദിവസങ്ങള്‍ക്ക്ക് ശേഷം അച്ഛന്‍ മാല തിരക്കി കുന്നിന്‍ പുറത്തേക്കു പോയി. അച്ഛന്റെ വരവും കാത്ത് ഞാന്‍ അന്നും പഠിപ്പ് മുടക്കി അമ്മയോടൊപ്പം കാത്തിരുന്നു. കുറെ നേരം കഴിഞ്ഞു ഞങ്ങടെ കാത്തിരിപ്പിനു വിരാമം ഇട്ടു അച്ഛന്‍ വന്നു. കയ്യില്‍ ഒരു വെറ്റില പൊതിയും. അത് തുറന്നു നോക്കിയപ്പോള്‍ ഒരു കുഞ്ഞു താലിയും. ...
"പേ തമ്പുരാന് നന്ദി... മാല എന്തായാലും കിട്ടിയില്ല താലി മാത്രം അവിടെ കൊണ്ടിട്ടത്രേ !!!...................................................................................
 
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈ താലി മാത്രം തിരിച്ചു നല്‍കിയ ദൈവത്തിന്റെ ശക്തിയില്‍ എനിക്ക് അന്നും ഇന്നും സംശയം ഉണ്ട്... പലപ്പോഴും ഞാന്‍ ഇത് പറഞ്ഞു അമ്മയെയും, അച്ഛനെയും കളിയാക്കാറുണ്ട്.. താലി എങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയാരുന്നു ഭഗവാനെ എന്നും പറഞ്ഞുള്ള അമ്മയുടെ കരച്ചില്‍, വെറ്റിലയും അടക്കയും ആളുകള്‍ക്ക് കൊടുക്കുന്നതിനിടയില്‍ പലപ്പോഴും അച്ഛനും ഈ വാക്ക് ആവര്‍ത്തിച്ചിരുന്നു താലിയെന്കിലും തിരികെ കിട്ടിയാല്‍ മതിയാരുന്നു എന്ന്. കൂടാതെ അന്ന് താലി എടുക്കാന്‍ പോയപ്പോള്‍ അച്ഛന്‍ എന്നെ കൂട്ടിയില്ല, ഞാന്‍ ഒത്തിരി കരഞ്ഞിട്ടു പോലും. എന്റെ കരച്ചിലിന് മുന്നില്‍ അവരുടെ മനസ്സ് അലിയാത്ത വളരെ കുറച്ചു സംഭവങ്ങളെ ഉണ്ടായിട്ടുള്ളൂ, അതില്‍ ഒന്ന് ഇതാണ്. കൂടാതെ അഞ്ചാം ക്ലാസ്സുവരെ ഞാന്‍ അമ്മയുടെ ഒപ്പം ആണ് കിടന്നത്. വീടിന്റെ വലിപ്പ കുറവ് കൊണ്ടോ, അമ്മയ്ക്ക് എന്നോടുള്ള സ്നേഹക്കുടുതല്‍ കൊണ്ടോ അമ്മ എന്നെ അമ്മയില്‍ നിന്നും അടര്‍ത്തി മാറ്റിയിരുന്നില്ല. അന്നെന്റെ ഒരു വിനോദമായിരുന്നു അമ്മയോട് ഒട്ടികിടന്നു അമ്മയുടെ താലി എടുത്തു കടിക്കുക എന്നത്. എന്തായാലും ദൈവം തിരികെ നല്‍കിയ ആ താലിക്കു ഒരു ചെറിയ കനക്കുറവും എനിക്ക് പിന്നിട് അനുഭവപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ അന്നത്തെ അച്ഛന്റെ പരിതസ്ഥിതി നല്ലതുപോലെ അമ്മയ്ക്ക് അറിയവുന്നതുകൊണ്ടാകാം മാല കൂടി ദൈവം തിരികെ നല്‍കണേ എന്ന് അമ്മ അന്ന് പ്രാര്‍ത്ഥിക്കാതെ ഇരുന്നത് എന്ന് തോന്നുന്നു.
 
എന്തായാലും പൂജ കഴിഞ്ഞു അച്ഛന്‍ വന്നു,,, ഞാന്‍ ചോദിച്ചു അച്ഛാ നമുക്കു ഒന്നും കൂടെ "പേ തമ്പുരാന് വെറ്റിലയും അടക്കയും വെച്ചാലോ എന്ന്".. അച്ഛന്‍ ഉറക്കെ ചിരിച്ചു.. എന്നിട്ട് പറഞ്ഞു ഇല്ലെട അത് എനിക്ക് അവിടെ നിന്നും തന്നെ കിട്ടിയതാ.. അത് കേട്ട് ഞാനും ചിരിച്ചു അച്ഛനോട് ചേര്‍ന്ന് നിന്നു അമ്മയും ചിരിക്കുന്നുണ്ടായിരുന്നു... ഞാന്‍ അവരില്‍ നിന്നും ഒരുപാട് അകലങ്ങളില്‍ ആണ് ഉള്ളതെന്ന വിഷമം പെട്ടെന്ന് ഇല്ലാതായി, അവര്‍ എന്റെ അരികില്‍ തന്നെ ഉള്ളത് പോലെ തോന്നി.. പിന്നെ വിളിക്കാം എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.
 
ശുഭം.

No comments:

Post a Comment