Sunday, December 25, 2011

കൊലാവെരി ...


ഈ കഥയും പൈങ്കിളി പറഞ്ഞു തന്നെ തുടങ്ങാം, എന്നത്തേയും പോലെ അലാരത്തിന്റെ കര കര ശബ്ദമാണ് ഇന്നും എന്റെ ഉറക്കത്തിനു ഭംഗം വരുത്തിയത്. പണ്ട് മുതലേ ഉള്ള ശീലമാണ് ആദ്യത്തെ ബെല്ലിനു നാടകം തുടങ്ങില്ല എന്നതുപോലെ അടുത്ത ബെല്ലിനു വേണ്ടി ഞാന്‍ കത്ത് കിടക്കും, കിടക്ക വിട്ടു എഴുന്നേല്‍ക്കാതെ. "കൃത്യമായി പറഞ്ഞാല്‍ ഈ ആദ്യത്തെ ബെല്ലിനും രണ്ടാമത്തെ ബെല്ലിനും ഇടയില്‍ കിട്ടുന്ന ഒരു പത്തു മിനിറ്റ് സമയം ഇവിടെയാണ്‌ ഞാന്‍ ഉറക്കത്തിന്റെ സുഖവും, അത് നഷ്ടപെടുമ്പോള്‍ ഉണ്ടാകുന വേദനയും ശെരിക്കും അറിയുന്നത്". !!!

പുലര്‍കാലം നവ വധുവിനെപോലെ ആണ് ഇന്നും കടന്നു വന്നത് പക്ഷെ അത് കാണാനോ ആസ്വദിക്കാനോ ഉള്ള സമയം എനിക്കില്ല കാരണം ഇനിയുള്ള മുപ്പതു മിനിറ്റ് വളരെ വിലപ്പെട്ടതാണ്‌, അതിനിടയില്‍ പ്രഥമിക കാര്യങ്ങള്‍ എല്ലാം നിറവേറ്റി ബസ്സില്‍ കയറണം ഇല്ലെങ്കില്‍ ഞങ്ങളെ കൊണ്ട് പോകാന്‍ വരുന്ന ബസ്‌ അതിന്റെ പാട്ടിനു പോകും. ഓഫീസില്‍ താമസിച്ചു പോകുന്നത് കൊണ്ടുള്ള വിഷമം അല്ല അവിടെ ഇരിക്കുന്ന ഞങ്ങളുടെ ഇപ്പോഴത്തെ ഭഗവന്‍ എന്ന് പറയുന്ന കൊറിയക്കാരന്‍ ബോസ്സ് ചില്ല് പെട്ടിക്കുള്ളിലിരുന്നു തല ഉയര്‍ത്തി നോക്കും, ആരാണ് ഈ നേരത്ത് വാതില്‍ തുറന്നു അകത്തു കയറിയത് എന്നറിയാന്‍. ഞാന്‍ എന്നത്തേയും പോലെ തല കുനിച്ചു ഇതൊന്നും കണ്ടില്ലെന്ന രിതിയില്‍ എന്റെ ഇരിപ്പിടത്തിലേക്ക് പോകും,. ഇത് പതിവ് ദിനചര്യ...

ഇനി അല്പം റിവൈണ്ട് ചെയ്യാം, രാവിലെ ബാത്‌റൂമില്‍ കയറിയപ്പോള്‍ വെള്ളമില്ല, കുറച്ചു തണുത്ത കാറ്റ് തന്നു ടാപ്പ്‌ ഇന്നത്തെ സംഭാവന ഇതാണെന്നും പറഞ്ഞു കയ്യൊഴിഞ്ഞു. ആകെ റൂമില്‍ ഉണ്ടായിരുന്ന ഒരു ലിറ്റര്‍ വെള്ളത്തില്‍ പ്രാഥമിക കാര്യങ്ങള്‍ ഒരു വഴിപാടുപോലെ ആക്കി മെസ്സ് ഹാളിലേക്ക് ഓടി പ്രഭാത ഭക്ഷണത്തിനായി, "പല്ല് തേച്ചില്ലെങ്കിലും രാവിലെ എന്തെങ്കിലും കഴിക്കണം എന്നുള്ളത് കുട്ടിക്കാലം മുതല്‍ക്കേ എന്റെ ഒരു ശീലമാണ്, പല്ല് തേച്ചതിന് ശേഷമേ എനിക്കെന്തെങ്കിലും കഴിക്കാന്‍ തരികയുള്ളൂ എന്നത് അമ്മയുടെ ഒരു വാശിയും'. എന്ത് ചെയ്യാം അമ്മ ആയ് പോയില്ലേ തോറ്റു കൊടുക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ അക്കാലത്ത്. 

മെസ്സില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോള്‍ മുന്നില്‍ തന്നെ ഉണ്ട് പോകാനുള്ള ബസ്സ്‌,.. ബസ്‌ പുറപെടുന്നതുവരെ പുറത്തു കാത്തുനില്‍ക്കുക എന്നത് കൌമാര കാലഘട്ടത്തിന്റെ പ്രാരംഭത്തില്‍ തന്നെ എനിക്ക് കൈവന്ന ഒരു ശീലമാണ്. നല്ല തണുത്ത കാറ്റ് അടിക്കുന്നുണ്ട്, ഇരുട്ട് മാഞ്ഞു തുടങ്ങുന്നതെ ഉള്ളു എങ്കിലും കുറച്ചു ദൂരത്തായി നില്‍ക്കുന്നതില്‍ മലയാളികള്‍ ആരാണെന്നു ഞാന്‍ പെട്ടെന്ന് കണ്ടു പിടിച്ചു "ഈ കൊടിയ തണുപ്പത്തും കമ്പിളി വസ്ത്രങ്ങള്‍ പെട്ടിയില്‍ വെച്ച് പൂട്ടിയിട്ടു കൈ ഒന്നുകില്‍ കക്ഷത്തോ അല്ലെങ്കില്‍ പാന്റ്സിന് പോക്കറ്റിലോ ഇട്ടു തണുപ്പിനെ കുറ്റം പറഞ്ഞു കൂനിക്കുടി നിന്നു വിറക്കും അവരാണ് യെധര്ധ  മലയാളികള്‍.. ഞാനും അവര്‍ക്കൊപ്പം അലിഞ്ഞു ചേര്‍ന്നു. കൂട്ടത്തില്‍ ആരോ പറയുന്നത് കേട്ടു കഴിഞ്ഞ വര്ഷം ഇതിലും വലിയ തണുപ്പ് ആയിരുന്നു എന്ന്. ..

ബസ്സ്‌ പുറപ്പെടാന്‍ നേരം അതില്‍ കയറി ആദ്യം കണ്ട ഒരു കൊറിയക്കാരന്റെ അടുത്തിരുന്നു, അവന്‍ ഒരു ഗുഡ് മോര്‍ണിംഗ് അടിച്ചു, രാവിലെ പല്ല് തേക്കാന്‍ പറ്റാഞ്ഞത്‌ കൊണ്ട് ഞാന്‍ ഒരു ചെറു മൂളലും മൃദു മന്ദഹാസവും തിരികെ നല്‍കി അവനെ ഒതുക്കി. യാത്രയില്‍ ഉടനീളം അവന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എനിക്കാണെങ്കില്‍ ഓഫീസില്‍ എത്തിയിട്ട് വേണം പല്ല് തേക്കാന്‍ ഞാന്‍ എല്ലാം മൂളി കേട്ടു അവനെ ത്രിപ്തന്‍ ആക്കി. വെറുതെ എന്തിനാ നമ്മളായിട്ട് ഒരു കൊറിയക്കാരനെ ശത്രു ആക്കുന്നെ, മുല്ല പെരിയാര്‍ വിഷയത്തില്‍ എല്ലാവരും കൂടെ ചേര്‍ന്നു തമിഴനെ ശത്രു ആക്കിയത് കണ്ടു തൃപ്തി ആയ് വരുന്നതെ ഉള്ളു. 

ഓഫീസില്‍ എത്തിയതിനു ശേഷം ഉച്ചവരെയുള്ള കാര്യങ്ങള്‍ എല്ലാം മുറപോലെ നടന്നു ഇതിനിടയില്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു "അളിയാ രാവിലെ പല്ലുതേച്ചതും ഇല്ല, കുളിച്ചതും ഇല്ല നീ എന്നെ ഉച്ചക്ക് എങ്ങിനെ എങ്കിലും റൂമില്‍ ഒന്ന് ആക്കിതരണം.. "അവന്‍ എന്നെ അന്യഗ്രെഹത്തില്‍ നിന്നും വന്ന ജീവിയെ നോക്കി കാണുന്നതുപോലെ ഒന്ന് നോക്കി" അത് ഞാന്‍ കുളിക്കഞ്ഞതില്‍ ഉള്ള വിഷമം കൊണ്ട് അല്ല കേട്ടോ, ഉച്ചക്ക് കുളിക്കണം എന്ന് പറഞ്ഞതിന്നാണ്.... സത്യം പറഞ്ഞാല്‍ ഇന്നത്തെ ദിവസം ഞങ്ങളുടെ ഓഫീസില്‍ ആരും കുളിച്ചിട്ടില്ല, ഇന്നലെ രാത്രി ഞങ്ങളുടെ താമസ സ്ഥലത്തേക്ക് വെള്ളവും ആയി വന്ന ടാന്കേര്‍ ലോറി ഡ്രൈവര്‍ കുറെ മദ്യവും അതിനോടൊപ്പം കടത്താന്‍ ശ്രെമിച്ചു, വഴിയില്‍ അത് പോലീസ് കയ്യോടെ പിടിക്കുകയും ചെയ്തു. അതാണ് ഈ അപ്രേതിക്ഷിത വെള്ളമില്ലയ്മയുടെ കാരണം. 
അനുഭവിക്കുക തന്നെ അല്ലാതെന്തു ചെയ്യാന്‍, അല്ലെങ്കില്‍ എനിക്കിത് വരുമോ?, ഇന്ന് രാവിലെ ഓഫീസിലെ മുഴുവന്‍ കൊറിയക്കാരി പെണ്ണുങ്ങള്‍ക്കും കൈ കൊടുത്തു ക്രിസ്ത്മസ് ആശംസ പറയാം എന്ന് സ്വപ്നം കണ്ടു കിടന്ന ഞാന്‍, ഇന്നിപ്പോള്‍ രാവിലെ അതെല്ലാം ഒരു ഈമെയിലില്‍ ഒതുക്കേണ്ടി വന്നു. ഹാ....കൊലാവെരി...കൊലവെരി.

ഉച്ചക്ക് അങ്ങനെ സുഹൃത്തിന്റെ ദയയില്‍ റൂമിലേക്ക്‌ പോകുമ്പോള്‍ അപ്രെതിക്ഷിതമായ് "റെഡിയോയില്‍ "കൊലവെരി ഗാനം ഒഴുകിയെത്തി, സത്യത്തില്‍ ഇത്രനാളും ഞാന്‍ ആ ഗാനം കേള്‍ക്കാതെ പിടിച്ചു നില്‍ക്കുകയായിരുന്നു, സന്തോഷ്‌ പണ്ഡിറ്റ്‌ നമ്മളെ വെച്ച് കാശ് ഉണ്ടാക്കി എന്ന് കേട്ടപ്പോള്‍ മുതല്‍ ഒരു അരിശം ഇനി ഞാന്‍ കൂടി യുടുബില്‍ ക്ലിക്കിയിട്ട് കൊലവെരി ഒരു പൊയന്ടു കൂടി കുടുതല്‍ നേടേണ്ട എന്ന സ്വത സിദ്ധമായ എന്റെ അഹങ്കാരം. 

കൊലവെരിയെയും, സന്തോഷ്‌ പണ്ടിടിനെയും നമുക്കു ഇങ്ങനെ കാണാം "" ബാബുവിന് ഒരു കുട്ടി ജനിച്ചു / ബാബുവിന് മുന്ന് കയ്യും രണ്ട് തലയും ഉള്ള ഒരു കുട്ടി ജനിച്ചു" സ്വാഭാവികമായും  ഇതില്‍ രണ്ടാമത് പറഞ്ഞത് കാണാന്‍ നമുക്കു ജിജ്ഞാസ ഉണ്ടാകും ഈ വൈകൃതത്തിന്റെ വിജയമാണ് കൃഷ്ണനും രാധയും അലെങ്കില്‍ കൊലവെരി കാണാന്‍ നമുക്കുള്ളത്. 

റൂമില്‍ ചെന്നു കുളിയും പല്ല് തേപ്പും കഴിഞ്ഞു മെസ്സ് ഹാളിലേക്ക് നടന്നു ഉച്ച ഭക്ഷണത്തിനായി, "ഇന്ന് ഞങ്ങളുടെ ഓഫീസ് മെസ്സില്‍ ഉച്ചയുണിനു എനിക്കിഷ്ടപെട്ട മീന്‍കറി ആയിരുന്നു അത് കളഞ്ഞിട്ടു എന്റെ അഹങ്കാരം കൊണ്ടാണ് കുളിക്കണം എന്നും പറഞ്ഞു ഞാന്‍ റൂമില്‍ വന്നത്. ആ അഹങ്കാരം മെസ്സ് ഹാളില്‍ നിന്ന ബെങ്കാളി ചെക്കന്‍ തടഞ്ഞപ്പോള്‍ ശെരിക്കും തീര്‍ന്നു.
"സര്‍ ആപ്ക ഖാന ഇധേര്‍ നഹിം മിലേഗ, ആപ്കോ വാപസ് ഓഫീസ് ജനപടെഗ ഖനെകെലിയെ, ഇധര്‍ ഖാന കം ഹൈ"..
വീണ്ടും കൊലവെരി.. കൊലവെരി.. ഞാന്‍ ആരും കാണാതെ ഇറങ്ങി നടന്നു അവിടെ നിന്നും, തിരികെ ഓഫീസിലേക്കുള്ള യാത്രയില്‍ ഉടനീളം എനെ മനസ്സില്‍ രാവിലെ നടന്ന കാര്യങ്ങള്‍ ഒരു കൊലവെരി പോലെ വന്നു പോയി. "അല്ലെങ്കിലും നന്നേ വിശക്കുമ്പോള്‍ നല്ലതുപോലെ ചിന്തിക്കാന്‍ പറ്റിയ സമയമാണ്, ഓഫീസില്‍ ചെന്നാലും കഴിക്കാന്‍ ഒന്നും കിട്ടില്ല എന്ന അറിവ് എന്റെ വിശപ്പിനെ ഒന്നും കൂടെ ആളി പടരാന്‍ സഹായിച്ചു.

കൊലവെരി Annexure1:- എന്നത്തേയും പോലെ ഇന്നും ഞാന്‍ ഈ അനുഭവം ആരുടേയും പേരെടുത്തു പറഞ്ഞു ടാഗ് ചെയ്തു വേദനിപ്പിക്കുന്നില്ല. ഇത് വായിക്കുന്നവര്‍ എന്തായാലും കമന്റ്‌ ചെയ്യുമെന്ന് എനിക്കറിയാം, ലൈക്‌ അടിക്കുന്നവരെ ഞാന്‍ വായിക്കാത്തവര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. 

കൊലവെരി Annexure2:- ഇത് ഒരു അഭൌമ ശ്രിഷ്ടിയോ വിശ്വ സാഹിത്യത്തിനു ഭാവിയില്‍ ഒരു മുതല്കുട്ടോ ആകില്ല എന്ന് എനിക്ക് നന്നായ് അറിയാം എങ്കിലും  "രാവിലെ ഞാന്‍ പല്ല് തേച്ചില്ല, കുളിച്ചതും ഇല്ല അത് നിങ്ങളോട് ഒന്ന് പറയണം എന്ന് ഉണ്ടായിരുന്നു അത്ര മാത്രം.

കൊലവെരി കൊലവെരി കൊലവെരി ഡി...

ശുഭം

സസ്നേഹം,
പണ്ഡിറ്റ്‌ പണ്ഡിറ്റ്‌ ആകുന്നതിനും മുന്നേ പണ്ഡിറ്റ്‌ ആയ മറ്റൊരു പണ്ഡിറ്റ്‌ സന്തോഷ്കുമാര്‍ :-)