Sunday, February 19, 2012

തീരം


തെളിഞ്ഞ ആകാശം വിദുരതയില്‍ കടലിനെ മുത്തം വയ്ക്കുക ആണോ അതോ കുഞ്ഞു തിരമാലകള്‍ മേഖങ്ങളെ പുല്കുകയാണോ എന്ന് അറിയാന്‍ കഴിയാത്ത വിധം കടലും ആകാശവും ഇഴുകി ചേര്‍ന്ന് അനന്തതയുടെ പുതിയ വാദായനങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു. 
തീരത്ത് നിന്നും വള്ളം ഇറക്കുമ്പോള്‍ അവരുടെ മനസ്സില്‍ തിരികെ തീരത്ത് മടങ്ങി വരുമ്പോള്‍ വള്ളം നിറയെ കണ്ടേക്കാവുന്ന മത്സ്യങ്ങളും അത് വിറ്റുകിട്ടി നേടിയേക്കാവുന്ന ചെറിയ സ്വപ്നങ്ങളും ആയിരുന്നു. തിരമാലകള്‍ താലോലിച്ച ചെരുവഞ്ചി കരയെ ഒരു ചെറു പൊട്ടാക്കി പിന്നില്‍ ഒതുക്കി അവരെയും കൊണ്ട് മുന്നോട്ട് പോയി. രാത്രിയുടെ ആലസ്യത്തില്‍ സുഖലോലുപനായ് ഉറങ്ങിയ സുര്യന്‍ ഉറക്കമുണര്‍ന്നു അവരുടെ അടുത്തേക്ക് പതിയെ വരുന്നുണ്ടായിരുന്നു. 

ശാന്തമായ കടലില്‍ പെട്ടെന്ന് തിരയിളക്കം കൂടി, ഭിമാകാരനായ കപ്പല്‍ കാലഭൈരവ രൂപം പൂണ്ടു അവരുടെ അടുത്തേക്ക് വന്നു. സ്വപ്നങ്ങളെ ഉരുക്കൂട്ടിയ നെഞ്ചിന്‍ കൂടിനെ തുരന്നു വെടിയുണ്ടകള്‍ പായവേ അവരുടെ മനസ്സില്‍ തീരത്ത് കാത്തിരിക്കുന്ന മുഖങ്ങളായിരുന്നു. 
നിണമണിഞ്ഞ തിരമാലകള്‍ തീരത്തെ പുല്‍കുമ്പോള്‍ സുര്യന്‍ പടിഞ്ഞാറെ കടലില്‍ മുഖം പൂഴ്ത്തി. രാത്രിക്ക് മാത്രം സ്ഥായിയായ ഭാവമായിരുന്നു. ഇരുളിനെ കീറിമുറിച്ചു എവിടെനിന്നോ അടക്കിപിടിച്ച തേങ്ങലുകള്‍ രാപ്പടിക്ക് കൂട്ടുവന്നു

Friday, February 17, 2012

............

കിഴക്കന്‍ മലയടിവാരത്ത് എങ്ങോ ആയിരുന്നു അവളുടെ ഗൃഹം. എന്നും എന്റെ അരികിലൂടെ അവള്‍ ധ്രിതിയില്‍ പടിഞ്ഞാറോട്ട് പോകാറുണ്ടായിരുന്നു. വിവാഹിത ആണെങ്കിലും സുന്ദരിയാണ് അവള്‍...., ഒരു പക്ഷെ ഭര്‍ത്താവിനെ കാണാനുള്ള ധ്രിതി കൊണ്ടാകാം അവള്‍ പെട്ടെന്ന് പോകുന്നത്. എങ്കിലും എന്റെ തണലില്‍ വിശ്രമിച്ചു എന്റെ പൂക്കളും ശേഖരിച്ചു കൊണ്ടാണ് അവള്‍ പോകാറുള്ളത്. "ഈ പൂക്കള്‍ ഒരു പക്ഷെ അവള്‍ തന്റെ ദേവന് അര്‍പ്പിചിരുന്നിരിക്കാം". എന്തായാലും ഞങ്ങള്‍ പരസ്പരം പറയാതെ ഉള്ള ചങ്ങാത്തത്തില്‍ ആയിരുന്നു.

ഒരു ദിവസം ഞാന്‍ കാണുന്നത് കലങ്ങിയ കണ്ണുമായ് വേഗത്തില്‍ പോകുന്ന അവളെയാണ്, പിന്നിട് അതൊരു പതിവ് കാഴ്ചയായ് മാറി. ആരൊക്കയോ അവളുടെ യവ്വനത്തെ കവര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ കാണ്‍കെ കാണ്‍കെ അവള്‍ എന്നില്‍ നിന്നും അകന്നു ഒരു നേര്‍ത്ത വരയായ് ഒടുവില്‍ ഇല്ലാതായി.
അവള്‍ ഇല്ലാതായതോടെ ഭക്ഷണവും വെള്ളവും ലഭിക്കാതെ എന്റെ ബലിഷ്ടമായ കായം ജരാനരകള്‍ ബാധിച്ചു തുടങ്ങി.. അധികം താമസിയാതെ ഞാനും മണ്ണോടു ചേരും.
"ഒരു പുഴയും അതിനോട് ചേര്‍ന്ന
മരവും മണ്ണോടു ചേര്‍ന്നു".

صباح الخير


രാവിലെ ഒരു സുഹൃത്തിന്റെ ഫേസ് ബുക്ക്‌ വാളില്‍ صباح الخير ഇങ്ങനെ ഒന്ന് അറബിയില്‍ കണ്ടപ്പോള്‍, അറബ് പഠിക്കാന്‍ കഴിയാതെ പോയതിന്റെ വിഷമം ഉള്ളില്‍ വല്ലാതെ തികട്ടി വന്നു. ഇനി വെറുതെ തികട്ടിയിട്ടു കാര്യം ഇല്ലാലോ പോയ ബുദ്ധി ആന പിടിച്ചാല്‍ വരില്ല എന്നല്ലേ പറയുന്നത്. 
അറബ് എവിടെ കണ്ടാലും എനിക്ക് ആദ്യം ഓര്‍മ വരുന്നത് നാട്ടിന്‍ പുറത്തെ ആദ്യം പഠിച്ച പ്രൈമറി സ്കൂളിലെ അറബ് അധ്യാപകനായ സൈനുലബ്ധീന്‍ സാറിനെ ആണ്. അന്ന് ഞങ്ങള്‍ക്ക് രണ്ട് ഓപ്ഷന്‍ ആണ് ഉണ്ടായിരുന്നത് ഒന്നുകില്‍ അറബ് പഠിക്കാം അല്ലെങ്കില്‍ കളിയ്ക്കാന്‍ പോകാം. "സ്വാഭാവികമായും അന്നത്തെ ചിന്ത വെച്ച് കളിയ്ക്കാന്‍ പോകുക തന്നെ ചെയ്തു അന്ന് എന്റെ കൂടെ കളിയ്ക്കാന്‍ വരാന്‍ പറ്റാതെ വിഷമത്തോടെ ഇരിക്കുന്ന അന്വറിന്റെയും നസീമിന്റെയും മുഖം ഇപ്പോഴും മനസ്സില്‍ ഉണ്ട്. "പോരാത്തതിനു അറബ് സര്‍ വല്ലാത്ത ചൂടനും ആയിരുന്നു. ടെസ്കിനു ഇടയില്‍ കൂടി കയറ്റി ചൂരലിന് ചന്തിക്ക് അടിക്കുന്ന ഒരു പ്രയോഗം ഉണ്ടായിരുന്നു അദ്ദേഹത്തിന്. "മുട്ടുകാലില്‍ ഇഴഞ്ഞു വന്നു മേശക്കു ഉള്ളില്‍ കയറണം അപ്പോള്‍ രണ്ട് അടി കിട്ടും വേദന കൊണ്ട് പെട്ടെന്ന് മേശയുടെ ഒരു കാല്‍ കടന്നു നടുവില്‍ എത്തും അപ്പോഴും കിട്ട്ടും രണ്ടടി, പിന്നെ വാണം വിട്ട പോലെ മേശയുടെ അടുത്ത കാല്‍ കടക്കണം അപ്പോഴും കിട്ടും രണ്ടടി. ചുരുക്കം പറഞ്ഞാല്‍ ഒരു മേശ വലത്ത് കഴിയുമ്പോള്‍ കുറഞ്ഞത്‌ ആറ്‌ അടി എങ്കിലും കിട്ടും അതും ചന്തിക്ക്. മാര്‍ക്ക് കുറയുന്നത് അനുസരിച്ച് അടിയുടെ ഏറ്റക്കുറച്ചിലും ശക്തിയും കൂടുകയും കുറയുകയും ചെയ്യും. ഞങ്ങള്‍ ക്ലാസിനു പുറത്തു ഒളിഞ്ഞു നിന്നു ഇത് വീക്ഷിക്കും ചിരി വരുന്നുണ്ടെങ്കിലും ചിരിക്കാന്‍ പറ്റില്ല കാരണം അടി കൊള്ളുന്നത്‌ കൂട്ടുകാര്‍ ആണ്. അടിയും കൊണ്ട് വന്നു ബെഞ്ചില്‍ ഇരുന്നു ഒന്ന് നിരങ്ങും ചിരിക്കണോ കരയണോ എന്ന് അറിയാന്‍ കഴിയാത്ത ഒരു അവസ്ഥയാണ് അപ്പോള്‍ അവരുടെ മുഖത്ത് വരാറുള്ളത്. 
എന്തായാലും ഈ തല്ലല്‍ എനിക്ക് ഇതുവരെ കൊണ്ടിട്ടില്ല. അതുപോലെ സാര്‍ വല്ലപ്പോഴും കേട്ടെഴുത്ത് ഇടാന്‍ വരാറുണ്ട്. സര്‍ മാത്രമാണ് അതിനെ കേട്ടെഴുത്ത് എന്ന് പറയുന്നത് ഞങ്ങള്‍ക്കെല്ലാം അത് കണ്ടെഴുതാണ്. എല്ലാവരെയും എഴുന്നേല്‍പ്പിച്ചു മുഖത്തോട് മുഖം നോക്കി നിര്‍ത്തും എന്നാലും ഒന്നാമത് നില്‍ക്കുന്ന ആളിന് മൂന്നാമത് നില്‍ക്കുന്ന ആളിന്റെ സ്ലെറ്റ്  നല്ലത് പോലെ കാണാം. മാര്‍ക്ക് കുറയുന്നവര്‍ക്ക് സാറിന്റെ വക വെത്യസ്തമായ ശിക്ഷ നടപടികള്‍ ആണ് ഉള്ളത്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ ആണ്‍കുട്ടി ഏറ്റവും കുറവ് മാര്‍ക്ക് മേടിച്ച പെണ്‍കുട്ടിയുടെ ചെവിയില്‍ പിടിക്കണം. തിരിച്ചും ഇതുപോലെ വരും ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ പെണ്‍കുട്ടി ഏറ്റവും കുറച്ചു മാര്‍ക്ക് കിട്ടിയ ആണ്‍ കുട്ടിയുടെ ചെവിയിലും പിടിക്കും. എന്നിട്ട് ക്ലാസിനു വലത്ത് വൈക്കും അപ്പുറത്തെയും ഇപ്പുരത്തെയും ക്ലാസ്സുകളിലെ കുട്ടികള്‍ ഒക്കെ കയ്യടിച്ചു ആര്‍ത്തു ചിരിക്കുന്നുണ്ടാകും. അക്കാലത്ത് പെണ്‍കുട്ടിയുടെ അടുത്ത് പോകുകയോ അവരോടു മിണ്ടുകയോ ചെയ്യുക എന്ന് വെച്ചാല്‍ ഏറ്റവും മോശപ്പെട്ട കാര്യവും പിന്നെ കൂട്ടുകാരുടെ വക കളിയാക്കലും. ഈ നാണക്കേട്‌ കാരണം ആരും പെണ്‍കുട്ടികളോട് മിണ്ടാറു കൂടി ഇല്ല. ഇന്നാണെങ്കില്‍ സ്ഥിതി നേരെ മറിച്ചും ഒന്‍പതു വയസ്സുള്ള എന്റെ മാമന്റെ മോന് കൃത്യമായി പറയാന്‍ കഴിയില്ല അവനു എത്ര ഗേള്‍ ഫ്രണ്ട് ഉണ്ടെന്നു.  
അതുപോലെ ഞങ്ങടെ സ്കൂള്‍ ഒരു കുന്നിന്‍ പുറത്തു ആയിരുന്നു. അന്ന് സ്കൂളില്‍ അറബ് സര്‍ മാത്രം ആയിരുന്നു സൈക്കിളില്‍ വരുന്നത് ബാക്കി എല്ലാവരും നടന്നും. സാറിന്റെ ഈ സൈക്കിള്‍ തള്ളി സ്കൂള്‍ മുറ്റത്തു എത്തിക്കുക എന്നത് അന്നത്തെ ഒരു വിനോദം ആയിരുന്നു. സാറിനോടുള്ള സ്നേഹം കൊണ്ടോ അതോ തല്ലു ഭയന്നോ എന്താണെന്നു അറിയില്ല സ്കൂളില്‍ ഉള്ള ഒട്ടുമിക്ക കുട്ടികളും കാണും ഈ സൈക്കിള്‍ തള്ളാന്‍ . അതുപോലെ കഞ്ഞി വൈക്കാന്‍ ഉള്ള വെള്ളം കുന്നിന്‍ ചെരുവില്‍ നിന്നും കോരി കൊണ്ട് വരണം അതിനു സഹായിക്കുന്നവര്‍ക്ക്‌ ഉച്ചക്ക് കഞ്ഞിയോടൊപ്പമുള്ള ചെറുപയര്‍ പുഴുങ്ങിയത് അധികം കിട്ടും അതും പഞ്ചസാര ചേര്‍ത്ത്. അതുകൊണ്ട് തന്നെ അതിനും ഭയങ്കര തിരക്കാണ്. 
ഇതുപോലെ ഉള്ള ബാല്യകാല സ്മരണകള്‍ എത്ര പറഞ്ഞാലും തീരില്ല. പറഞ്ഞാല്‍ തീരാത്തത് എങ്ങനെയാ എഴുതി തീര്‍ക്കുക. തല്ക്കാലം ആ സാഹസത്തിനു ഞാന്‍ മുതിരുന്നില്ല... 

"രണ്ട് ദിവസം മുന്‍പ് നാട്ടില്‍ നിന്നും തിരികെ വരാന്‍ നേരം കണ്ടു ഈ സ്കൂളിന്റെ മതില്‍ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. പേരിനു മാത്രം പത്തോ പതിനഞ്ചോ കുട്ടികള്‍. ഇംഗ്ലീഷ് മീഡിയം വന്നതോട് കൂടി ഇപ്പോള്‍ മലയാളം മീഡിയത്തില്‍ പഠിക്കാന്‍ ആളെ കിട്ടാറില്ല. ഇനിയും എത്ര നാള്‍ ആ വിദ്യാലയം അവിടെ കാണും എന്ന് പറയാന്‍ കഴിയില്ല എങ്കിലും ഇതുപോലെ ഉള്ള ചില ഓര്‍മ്മകള്‍ എന്നും മനസ്സില്‍ കാണും". 

ചിന്തകള്‍


പെരുകിയ വയറിന്റെ ഭാരം
കുടല്‍ വഴി പുറത്തേക്കു തള്ളുമ്പോള്‍
അറിയാതെ ചില കവിതകള്‍ 
എന്റെ തലയിലും മൊട്ടിടും.

ബീടിപ്പുകയും ചേര്‍ത്ത് ഞാന്‍ ആ 
കവിതയെ രാകുമ്പോള്‍  
ഒട്ടിയ വയര്‍ കേഴുന്നു വീണ്ടും
എനിക്കുള്ള അന്നം എവിടെ?

എരിയുന്ന ചിന്തകള്‍ക്ക് 
എന്നും കൂട്ട് ഒട്ടിയ വയറെന്നു 
അറിയാത്ത വയറേ

എന്റെ ദാരിദ്ര്യത്തിന് കിട്ടിയ
ശാപമോ നീ.