Sunday, February 19, 2012

തീരം


തെളിഞ്ഞ ആകാശം വിദുരതയില്‍ കടലിനെ മുത്തം വയ്ക്കുക ആണോ അതോ കുഞ്ഞു തിരമാലകള്‍ മേഖങ്ങളെ പുല്കുകയാണോ എന്ന് അറിയാന്‍ കഴിയാത്ത വിധം കടലും ആകാശവും ഇഴുകി ചേര്‍ന്ന് അനന്തതയുടെ പുതിയ വാദായനങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു. 
തീരത്ത് നിന്നും വള്ളം ഇറക്കുമ്പോള്‍ അവരുടെ മനസ്സില്‍ തിരികെ തീരത്ത് മടങ്ങി വരുമ്പോള്‍ വള്ളം നിറയെ കണ്ടേക്കാവുന്ന മത്സ്യങ്ങളും അത് വിറ്റുകിട്ടി നേടിയേക്കാവുന്ന ചെറിയ സ്വപ്നങ്ങളും ആയിരുന്നു. തിരമാലകള്‍ താലോലിച്ച ചെരുവഞ്ചി കരയെ ഒരു ചെറു പൊട്ടാക്കി പിന്നില്‍ ഒതുക്കി അവരെയും കൊണ്ട് മുന്നോട്ട് പോയി. രാത്രിയുടെ ആലസ്യത്തില്‍ സുഖലോലുപനായ് ഉറങ്ങിയ സുര്യന്‍ ഉറക്കമുണര്‍ന്നു അവരുടെ അടുത്തേക്ക് പതിയെ വരുന്നുണ്ടായിരുന്നു. 

ശാന്തമായ കടലില്‍ പെട്ടെന്ന് തിരയിളക്കം കൂടി, ഭിമാകാരനായ കപ്പല്‍ കാലഭൈരവ രൂപം പൂണ്ടു അവരുടെ അടുത്തേക്ക് വന്നു. സ്വപ്നങ്ങളെ ഉരുക്കൂട്ടിയ നെഞ്ചിന്‍ കൂടിനെ തുരന്നു വെടിയുണ്ടകള്‍ പായവേ അവരുടെ മനസ്സില്‍ തീരത്ത് കാത്തിരിക്കുന്ന മുഖങ്ങളായിരുന്നു. 
നിണമണിഞ്ഞ തിരമാലകള്‍ തീരത്തെ പുല്‍കുമ്പോള്‍ സുര്യന്‍ പടിഞ്ഞാറെ കടലില്‍ മുഖം പൂഴ്ത്തി. രാത്രിക്ക് മാത്രം സ്ഥായിയായ ഭാവമായിരുന്നു. ഇരുളിനെ കീറിമുറിച്ചു എവിടെനിന്നോ അടക്കിപിടിച്ച തേങ്ങലുകള്‍ രാപ്പടിക്ക് കൂട്ടുവന്നു

No comments:

Post a Comment