Monday, March 5, 2012

ഇന്നലെ വൈകുന്നേരം


ഓഫീസ് വിട്ടിറങ്ങി റൂമിലേക്കുള്ള നടത്തം എന്നും പതിവുള്ളതാണ്. ഈ കൊടും തണുപ്പത്തും ഇങ്ങനെ നടക്കണോ എന്ന് പലപ്പോഴും കൂട്ടുകാര്‍ ചോദിക്കാറുണ്ട്‌, പക്ഷെ ഈ ചോദിക്കുന്നവര്‍ക്ക് അറിയില്ലാലോ 'വയര്‍' കുടം പോലെ വളര്‍ന്നു വരുന്ന എന്റെ വിഷമം. ഒരു സിക്സ് പായ്ക്ക് ആക്കി കെട്ടാന്‍ പോകുന്ന പെണ്ണിനെ ഞെട്ടിക്കണം എന്ന അഹങ്കാരം ഒന്നും എനിക്കില്ല എങ്കിലും ഇപ്പോള്‍ ഉള്ള ഈ ഫാമിലി പായ്ക്ക് ഒന്ന് കുറച്ചു വയറിനെ നെഞ്ചൊപ്പം എങ്കിലും പിടിച്ചു നിര്‍ത്തണം. 

"കുറച്ചു ദൂരം നടന്നപ്പോള്‍ പിന്നില്‍ ഒരു വിളി തിരിഞ്ഞു നോക്കിയപ്പോള്‍ ഓഫീസില്‍ പുതിയതായി വന്ന കൊറിയക്കാരി സെക്രട്ടറി ആണ്". ഇപ്പോള്‍ ഉള്ള ആള്‍ നാട്ടില്‍ പോയ ഒഴിവില്‍ പകരക്കാരി ആയി വന്നതാണ്. അവളും ഞാനും തമ്മിലുള്ള ദൂരം കുറഞ്ഞു വരുന്നു, പെട്ടെന്ന് പൊട്ടാവുന്ന ഒന്നുരണ്ടു ലടുക്കള്‍ എന്റെ മനസ്സിലും വന്നു. ഞങ്ങള്‍ പിന്നെ ഒരുമിച്ചായി യാത്ര.

അന്യദേശക്കാരെ കാണുമ്പൊള്‍ നാടിന്‍റെ മഹത്വവും സ്വദേശിയെ കണ്ടാല്‍ നാടിന്‍റെ കുറ്റവും പറയാന്‍ ഞാനും നമ്മുടെ മലയാളികളെ പോലെ പഠിച്ചത് കൊണ്ട് അവളെ ഞെട്ടിക്കുന്ന തരത്തില്‍ നമ്മുടെ നാടിന്‍റെ ഭംഗി ഞാന്‍ വര്‍ണിച്ചു. അവളും മോശക്കാരി അല്ല അവരുടെ നാടും ഒട്ടും പിന്നില്‍ അല്ല എന്ന് അവളും വാദിച്ചു. ഒരിക്കല്‍ അവളുടെ നാട് കാണാന്‍ വരാമെന്ന് ഞാനും (എന്റെ ജില്ല മൊത്തം ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല, ജില്ല പോയിട്ട് പഞ്ചായത്ത് മൊത്തം കറങ്ങിയോ എന്ന് അറിയില്ല, പിന്നെയല്ലേ ഇനി കൊറിയ) തീര്‍ച്ചയായും ഒരിക്കല്‍ എന്റെ നാട് കാണാന്‍ അവളുടെ കെട്ടിയോനോപ്പം വരാമെന്ന് അവളും പറഞ്ഞു. "കെട്ടിയോന്‍" എന്ന വാക്ക് പെട്ടെന്ന് എന്റെ മനസ്സിലെ ലടുക്കളുടെ എണ്ണം തിട്ടപ്പെടുത്തി, സാരമില്ല അധികമൊന്നും പൊട്ടിയിട്ടില്ല ഒന്നോ രണ്ടോ ചെറുത്‌ അത് കാര്യമാക്കാന്‍ ഇല്ല എന്തായാലും ഇപ്പോള്‍ തന്നെ അറിയാന്‍ കഴിഞ്ഞത് കാര്യമായി. അവള്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
പിന്നില്‍ ഒരു വാഹനത്തിന്റെ ഹോറന്‍ അടി കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് ഞങ്ങളുടെ ഓഫീസിലെ എഞ്ചിനീയര്‍ ആണ് വണ്ടിയില്‍ കയറിക്കോളാന്‍ പറഞ്ഞു, ഞങ്ങള്‍ ആ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു. പിന്നിടുള്ള ഒരു അരക്കിലോമീറ്ററിനു ഇടയില്‍ ഇതുപോലെ ഏതാണ്ട് ഒരു ഏഴു വണ്ടി ചവിട്ടി നിര്‍ത്തി ലിഫ്റ്റ്‌ ഓഫര്‍ ചെയ്തു. ഒടുവില്‍ എത്തിയ വണ്ടി ഞങ്ങളുടെ പ്രൊജക്റ്റ്‌ മാനേജര്‍ ആയിരുന്നു. അയാള്‍ അവളെയും കൊത്തി പറക്കാന്‍ നേരം നടക്കുമ്പോള്‍ ശരിരത്തിന് കിട്ടാവുന്ന ഗുണത്തെ കുറിച്ച് ഒരു ക്ലാസും എനിക്ക് തന്നു. 

"ശെടാ എനിക്കതല്ല മനസ്സിലാകാത്തത് കഴിഞ്ഞ കുറെ ദിവസമായി ഞാന്‍ ഇതേ റോഡിലുടെ ഏകദേശം ഇതേ സമയത്ത് സ്ഥിരമായി നടക്കാര്‍ ഉള്ളതാണ്". ഒരു തമാശക്ക് പോലും ഒരു വണ്ടിക്കാരനും ചോദിച്ചിട്ടില്ല വരുന്നോ എന്ന്. എന്നും കാണാറുള്ള ആള്‍ക്കാരെ തന്നെ ആണ് ഇന്നും കണ്ടത് എന്നിട്ടും...... 
പണ്ടാരം ഇനിയും ഒരു അരക്കിലോമീറ്റര്‍ കൂടി നടന്നാലേ റൂമില്‍ എത്തുകയുള്ളൂ ആ ദൂരം ഇന്നലെ എനിക്ക് ഒരു നൂറു കിലോമീറ്റര്‍ നടന്ന പ്രെതിതി ജനിപ്പിച്ചു. 

No comments:

Post a Comment