Sunday, April 8, 2012

ഒരു സ്വപ്നജീവി.


കൊല്ലവര്‍ഷം രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആണ് ഈ കഥയുടെ ആരംഭവും. "അക്കാലത്ത് മലയാള സിനിമയില്‍ ഉണ്ടായ ഒട്ടുമിക്ക ചിത്രങ്ങളെയും പോലെ വളരെ പാവപ്പെട്ട നായകന്‍ , പണക്കാരി ആയ നായിക, അതി ക്രൂരനായ വില്ലന്‍ " ഇവരൊക്കെ തന്നെ ആണ് ഇതിലെയും കഥാപാത്രങ്ങള്‍. എങ്കിലും രൂപവും ഭാവവും കഥാസാഹചര്യങ്ങളും അഭിനേതാക്കളുടെ പ്രായത്തിനു അനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി എന്ന് മാത്രം. 

ഈ കഥയില്‍ ആത്മാര്‍ഥമായും നായകന്‍ ആകണം എന്ന് ആഗ്രഹിക്കുന്ന എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം വില്ലന്‍ ആയി തീരേണ്ടി വന്ന വലിയ മസ്സിലും ഇരുണ്ട ശരീരവും തീരെ ഇല്ലാത്ത ഒരു സാദാ ശ്രിനിവാസന്‍ . ചെറിയ പാരവൈപ്പും തട്ടിപ്പുകളും ഒക്കെയായി എങ്ങനെ എങ്കിലും രണ്ട് മണിക്കൂര്‍ ഈ പടം ഓടിയ്ക്കണം എന്ന് മാത്രമേ ഇപ്പോള്‍ ആഗ്രഹം ഉള്ളൂ. "എന്നിരുന്നാലും കല്ലേറുകള്‍ കമന്റുകള്‍ ആയി വരുന്നതിനു മുന്നേ നിര്‍ത്തും എന്ന് ഉറപ്പു തരുന്നു. :P

കോളേജില്‍ നിന്നും പ്രി ഡിഗ്രീ പൂര്‍ണ്ണമായും വേര്‍പെടുത്തി സ്കൂളുകളില്‍ പ്ലസ്‌ ടു തുടങ്ങിയ കാലം. ചിറകു മുളയ്ക്കുന്നതും സ്വംപ്നം കണ്ടിരുന്ന ഞങ്ങളുടെ സ്വപ്നങ്ങളെ തകര്‍ത്തു വീണ്ടും യൂണിഫോം അണിഞ്ഞു അതെ സ്കൂളില്‍ പോകേണ്ടി വന്ന ഗതി കേട്. കോളേജ് ജീവിതത്തെ കുറിച്ച് ഒരു പാട് നിറമുള്ള സ്വപ്‌നങ്ങള്‍ തലമുറകള്‍ കൈ മാറി ഒടുവില്‍ അതെല്ലാം തകര്‍ന്ന ഹത ഭാഗ്യവാന്മാര്‍. അക്കാലത്ത് ഞങ്ങളെ കാണുമ്പോള്‍ ഒട്ടുമിക്ക ആള്‍ക്കാരും പറയുമായിരുന്നു നിങ്ങളാണ് ഏറ്റവും നിര്‍ഭാഗ്യവാന്‍മാര്‍ എന്ന്. 

പ്ലസ്‌ ടു കൂടി സ്കൂളില്‍ വന്നതോട് കൂടി ഒത്തിരി മാറ്റങ്ങള്‍ വന്നു. പുതിയ കെട്ടിടങ്ങള്‍ പരിചയം ഇല്ലാത്ത ഒത്തിരി അധ്യാപകര്‍, വളരെ അധികം കുട്ടികള്‍ പുതിയ സ്കൂള്‍ ബസ്‌ (പേരില്‍ മാത്രം). അങ്ങനെ പലതും. ആകെ ഒരു ബഹളം എല്ലാവരും പരസ്പരം പരിചയപ്പെടാന്‍ വേണ്ടി ഓടി നടക്കുന്നു. ഞങ്ങടെ നാട്ടിലും ഈ മാറ്റം വളരെ പെട്ടെന്ന് പ്രതിഭലിച്ചു എന്ന് വേണം പറയാന്‍ . "മൈക്കാട് പണിക്കു കൈലി ഉടുത്തു കൊണ്ട് പോയിരുന്ന ആള്‍ക്കാര്‍ കുളിച്ചു ചെത്ത്‌ കുട്ടപ്പന്‍മാരയിട്ടു ജീന്‍സും ഒക്കെ ഇട്ടു സ്കൂളിന്റെ മുന്നില്‍ കറക്കം തുടങ്ങി. എട്ടു മണിക്ക് ജോലിക്ക് പോയിരുന്നവര്‍ പലരും അത് പത്തു മണി ആക്കി അതുപോലെ രാവിലെ ഒന്‍പതു മുതല്‍ പത്തു മണിവരെയും, വൈകുന്നേരം നാലുമുതല്‍ അഞ്ചു മണി വരെയും സ്റ്റാന്‍ഡില്‍ നിന്നും ഒറ്റ വണ്ടിക്കാരനും ഓട്ടം പോകില്ല എന്ന സ്ഥിതി വിശേഷവും. കടകളില്‍ എല്ലാം നല്ല തിരക്കേറി വളരെ പെട്ടെന്ന് തന്നെ ആ ഗ്രാമാന്തരീക്ഷതിലേക്ക് നഗര വല്‍ക്കരണത്തിന്റെ പുതിയ പരിഷ്കാരങ്ങള്‍ മൊട്ടിട്ടു തുടങ്ങി.

"അക്കാലത്ത് എനിക്ക് വലിയ സൌന്ദര്യ ബോധം ഒന്നും ഇല്ലായിരുന്നു എങ്കിലും ഞാനും രാവിലെയും വൈകുന്നേരവും കൃത്യമായി സ്കൂള്‍ വിട്ടതിനു ശേഷവും അതിനു മുന്നേയും ഈ കവലയില്‍ പോയി നിന്നു എല്ലാ പെണ്‍കുട്ടികളെയും വണ്ടി കയറ്റി വിട്ടിരുന്നു. സ്കൂള്‍ വിട്ടു മാലാഖ മാരെ പോലെ ആയിരം കുട്ടികള്‍ കണ്മുന്നിലൂടെ കടന്നു പോകുന്നത് നയന മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു. മൊട്ടിട്ടു വരുന്ന അവരുടെ നാണത്തെ കാറ്റ് തഴുകി കടന്നു പോകുമ്പോള്‍ ഞങ്ങള്‍ ആരും കാണാതെ വളരെ പാട് പെട്ട് അവര്‍ അത് മറയ്ക്കാന്‍ ശ്രെമിക്കുന്നുണ്ടായിരുന്നു. അതുപോലെ ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞാലും ഇതെന്റെ സ്വന്തം നാടായത് കൊണ്ട് ആരും ഒന്നും പറയില്ല എന്നുള്ള നല്ല ചങ്കൂറ്റവും എനിക്കുണ്ടായിരുന്നു അക്കാലത്ത്. എന്നെ അസുയയോടെ നോക്കി കാണുന്ന അന്യ നാട്ടില്‍ നിന്നും വന്ന എന്റെ കൂട്ടുകാര്‍. നാട്ടില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പല ആള്‍ക്കാരും എന്റെ ചേട്ടന്റെ കൂടെയോ മാമന്റെ കൂടെയോ പണ്ട് പഠിച്ചു എന്നും മറ്റും പറഞ്ഞു വൈകുന്നേരം വീട്ടില്‍ വരുമായിരുന്നു. അവര്‍ കണ്ടു പിടിച്ച കുട്ടിയുടെ വിവരങ്ങള്‍ തിരക്കാന്‍ വേണ്ടി. എന്തായാലും നാട് ആകെ ഉത്സവത്തില്‍ ആയിരുന്നു. "അതുവരെ ഞങ്ങടെ നാട്ടിലെ സ്വപ്ന സുന്ദരിമാര്‍ ആയിരുന്ന പലരും ആളില്ല ചരക്കുകള്‍ ആയി മാറി ഒറ്റ ദിവസം കൊണ്ട്". 

തല്ക്കാലം നമുക്കു റോഡില്‍ ഉള്ള വായിനോട്ടം മതിയാക്കി എന്റെ ക്ലാസ്സ്‌ റൂമിലേക്ക്‌ പോകാം. ഒട്ടുമിക്ക മുഖങ്ങളും പുതിയതാണ്. ആകെ അറിയാവുന്നവര്‍ നാലോ അഞ്ചോ ആള്‍ക്കാര്‍ മാത്രം. ബാക്കി എല്ലാവരും ദൂര സ്ഥലങ്ങളില്‍ നിന്നും പഠിക്കാന്‍ വന്നവര്‍ ആണ്. "സ്കൂള്‍ ബസ്സിലെ യാത്ര സൌജന്യം ആയതു കൊണ്ട് ദൂരം ഒരു പ്രശ്നം അല്ലായിരുന്നു കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും. "മുന്‍ വര്‍ഷങ്ങളിലെ പോലെ ഇക്കൊല്ലവും ഞാന്‍ ആദ്യമേതന്നെ ഏറ്റവും പിറകിലെ ബഞ്ചില്‍ സ്ഥാനം പിടിച്ചിരുന്നു. ആരൊക്കെ ആയിരിക്കും എനിക്ക് കൂട്ടിനു ഇവിടെയ്ക്ക് വരുന്നതെന്ന് അറിയാന്‍ വേണ്ടി കാത്തിരുന്നു. അധികം താമസിക്കേണ്ടി വന്നില്ല അംജിത്ഖാന്‍ , രെഞ്ചു, സിജു പിന്നെ ഈ ഞാന്‍ .ചേരേണ്ടത് എന്നായാലും ചേരുമല്ലോ അത് കാലാകാലങ്ങളായി അങ്ങനെ തന്നെ ആണ്. "മുന്‍ ബഞ്ചുകളില്‍ ഇരിക്കുന്ന കുട്ടികളെ പോലെ അടുത്തിരിക്കുന്നവന്റെ മാര്‍ക്ക് കണ്ടിട്ട് ഞങ്ങള്‍ക്ക് ഒരിക്കലും അസുയ വരാറില്ലായിരുന്നു. അവരെ പോലെ പരസ്പരം പാരയും പണിയാര്‍ ഇല്ലായിരുന്നു. എന്ത് കൊണ്ടാണെന്ന് അറിയില്ല എല്ലാ കാലത്തും മുന്‍ ബഞ്ചുകളില്‍ ഇരുന്നു പഠിക്കുന്ന കുട്ടികളെക്കാള്‍ ആത്മാര്‍ഥമായ ഒരു സ്നേഹം ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാകാറുണ്ട്. ഞാന്‍ സത്യമാണ് പറയുന്നത് ഞാന്‍ ഇത് ടൈപ്പ് ചെയ്യുമ്പോഴും ഇതിലെ രണ്ട് പേര്‍ ഓണ്‍ലൈനില്‍ ഉണ്ട് എന്നോടൊപ്പം. ഇപ്പോള്‍ ഒരു ഹായ് പറഞ്ഞാല്‍ അവിടെ നിന്നും സ്നേഹത്തിന്റെ തെറി അഭിഷേകം കേള്‍ക്കാം. നിന്റെ ശല്യം കാരണം ആണ് ഞാന്‍ കടല്‍ കടന്നു ഇവിടെ വരെ വന്നത് ഇവിടെയും നീ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ലേ എന്ന ചോദ്യവും :D

ഇനി സഹനടന്മാരെ ഒന്ന് പരിചയ പെടുത്താം അംജിത് ഖാന്‍ ആന്‍ഡ്‌ രെഞ്ചു സര്‍ക്കാരിന്റെ ദയ കൊണ്ട് മാത്രം പത്താം തരം കടന്നവര്‍. ഞാന്‍ പേരിനു ഒരു ക്ലാസ്സ്‌ ഒപ്പിച്ചു എടുത്തിട്ടുണ്ട് (അത് കേട്ടപ്പോള്‍ അവന്മാര്‍ അന്യ ഗ്രഹത്തില്‍ നിന്നും വന്ന ജീവിയെ പോലെ എന്നെ ഒന്ന് നോക്കി). പേടിക്കേണ്ട അളിയാ ഞാനും നിങ്ങള്‍ വിചാരിക്കുന്ന ആളുതന്നെ. നാലാമന്‍ അങ്ങനെ അല്ല നല്ലത് പോലെ പഠിക്കുന്ന ഒത്തിരി കഴിവുകള്‍ ഉള്ള കാണാനും എന്നേക്കാള്‍ ഭംഗി ഉള്ള (കടുത്ത അസുയ) ചെക്കന്‍ . പക്ഷെ കയ്യില്‍ ഇരിപ്പികള്‍ കൊണ്ട് അവന്‍ ഞങ്ങടെ ഒക്കെ അച്ഛന്‍ ആണെന്ന് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തെളിയിച്ചു. "പക്ഷെ അവന്‍ കാട്ടി കൂട്ടുന്ന കുരുത്തക്കേടുകളില്‍ നിന്നും വളരെ വിദഗ്ധന്‍ ആയി രെക്ഷ പെടുമായിരുന്നു. ക്ലാസ്സില്‍ നല്ല ക്ലീന്‍ ഇമേജ്. മറ്റുള്ളവരുടെ മുന്നില്‍ അവന്‍ മാന്യനും ഞങ്ങള്‍ അവനെ ചീത്ത ആക്കുന്ന കൂട്ടുകാരും. പക്ഷെ സത്യത്തില്‍ അവനെ വെച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ വെറും പാവങ്ങള്‍. ഇവന്‍ ഞങ്ങളെ ചീത്ത ആക്കുമോ എന്ന പേടി ഞങ്ങള്‍ക്കും. 

"ഇനി കാമറ കഥാനായകനിലേക്ക് ഒന്ന് ഫോക്കസ് ചെയ്യാം. "സിജു അവനൊരു സ്വപ്ന ജീവി ആണ് മറ്റുള്ളവര്‍ക്ക്. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാന്‍ ആണ് ഇഷ്ടം എന്തെങ്കിലും ഒക്കെ ചിന്തിച്ചു അലസമായി എവിടെ എങ്കിലും നോക്കി ഇരിക്കും, കൂടാതെ നല്ലതുപോലെ പടം വരക്കും, പാട്ട് പാടും അല്ലെങ്കില്‍ എന്തെങ്കിലും ഒക്കെ എഴുതും. ഞങ്ങള്‍ക്ക് പുതിയതായി വന്ന ഇംഗ്ലീഷ് ടീച്ചര്‍ ഇട്ട പേരാണ് ഈ സ്വപ്ന ജീവി എന്നത്. സ്കൂള്‍ ബസ്സില്‍ ആണ് അവന്‍ എന്നും വരുന്നത് അതുകൊണ്ട് തന്നെ മിക്കപ്പോഴും അവന്‍ താമസിച്ചാണ് ക്ലാസ്സില്‍ എത്താറുള്ളത്. "ഒരായുഷ്കാലം മുഴുവന്‍ ഓടി തളര്‍ന്ന ഒരു മുത്തച്ഛന്‍ ബസ്‌ ആയിരുന്നു ഞങ്ങളുടേത്. സ്കൂള്‍ മാനേജ്‌മന്റ്‌ അതിനെ മഞ്ഞ പെയിന്റ് കുളിപ്പിച്ച് ശരിരത്തിലെ ചുളിവുകള്‍ നിവര്‍ത്തി എന്ന് മാത്രം. "ബസ്സില്‍ കയറുന്നതിനു മുന്നേ കുട്ടികള്‍ ചവിട്ടു പടിയില്‍ തൊട്ട് തൊഴുതു നെറുകയില്‍ വൈക്കുമായിരുന്നു. "ഞങ്ങളെ വഴിയില്‍ എങ്ങും ഇട്ടു കഷ്ടപ്പെടുത്താതെ അങ്ങ് ചെന്നു എത്തിക്കണേ അപ്പുപ്പ എന്നും പറഞ്ഞു. ശെരിക്കും ഈ തൊട്ട് തൊഴുതു തലയില്‍ വൈക്കല്‍ ആരംഭിച്ചത് ഇവനാണ് പക്ഷെ അതിനു അടി കിട്ടിയത് പാവം വേറെ രണ്ട് കുട്ടികള്‍ക്കും. 

ദിവസങ്ങള്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, അന്നും പതിവുപോലെ അവന്‍ താമസിച്ചാണ് ക്ലാസ്സില്‍ എത്തിയത്, ദൂരെ നിന്നും ബസ്സിന്റെ ശബ്ദം കേട്ടപ്പഴേ ഞങ്ങള്‍ എല്ലാം തലയിട്ടു പുറത്തേക്കു നോക്കി അവന്‍ ഉണ്ടോ എന്ന് അറിയാന്‍ വേണ്ടി. ഭാഗ്യം അവന്‍ ഉണ്ട് അവനും തല പുറത്തേക്കു ഇട്ടു ഞങ്ങളെ കൈ കാണിക്കുന്നു. ബസ്‌ ഇറങ്ങി ഓടി അവന്‍ ക്ലാസ്സില്‍ വന്നു അതുവരെ ക്ലാസ്സില്‍ ഉണ്ടായിരുന്ന നിശബ്ദത ചെറിയ പിറു പിറുക്കലിലെയ്ക്കും പിന്നെ വലിയ ശബ്ദ കോലഹലങ്ങളിലെയ്ക്കും പെട്ടെന്ന് വഴുതി വീണു. ടീച്ചര്‍ ചൂരല്‍ വടി എടുത്തു മേശമേല്‍ രണ്ട് അടി അടിചു രെംഗം  പിന്നെയും ശാന്തം. സീറ്റില്‍ വന്നിരുന്ന അവന്‍ തന്റെ ബുക്കെടുത്ത്‌ എന്തൊക്കെയോ എഴുതുകയോ വരക്കുകയോ ചെയ്യല്‍ തുടങ്ങി ചിലപ്പോള്‍ ഒരു പക്ഷെ അതെല്ലാം പടിക്കാന്‍ ഉള്ളത് ആയിരിക്കും, എനിക്കെന്തായാലും അതെല്ലാം വെറും വരയും കുത്തുകളും മാത്രം ആണ്. 

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഞാന്‍ ഒരു കാര്യം ശ്രേധിക്കുന്നുണ്ടായിരുന്നു ക്ലാസ്സില്‍ വരുമ്പോഴും പോകുമ്പോഴും എല്ലാം അവന്‍ ഒരു കുട്ടിയെ കൂടുതല്‍ ശ്രേധിക്കുന്നുണ്ടോ എന്ന് ഒരു സംശയം. ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ ഇടയ്ക്കു എന്തെങ്കിലും പറഞ്ഞു മുഴുവന്‍ ക്ലാസ്സിനേയും ചിരിയില്‍ മുക്കുക എന്നത് അവന്റെ ഒരു സ്ഥിരം നമ്പര്‍ ആയിരുന്നു. ഇങ്ങനെ തമാശ പറഞ്ഞു കഴിഞ്ഞിട്ടും അവന്‍ അവളെ നോക്കുന്നത് പോലെ. എന്തായാലും അധികം കാത്ത് നില്ക്കാന്‍ എനിക്ക് സമയം ഇല്ല അപ്പോള്‍ തന്നെ ഞാന്‍ അവനോടു കാര്യം ചോദിച്ചു "നീ ഇടയ്ക്കിടയ്ക്ക് കവിതയെ നോക്കാറുണ്ട് അല്ലെ?. ഞാന്‍ ഒട്ടും പ്രെതിക്ഷിക്കാത്ത ഒരു മറുപടി ആണ് അവനില്‍ നിന്നും കിട്ടിയത് "ഉണ്ട് അളിയാ എനിക്ക് അവളെ ഒത്തിരി ഇഷ്ടമാണ്. ഞാന്‍ ഒരു അവസരം നോക്കി ഇരിക്കുകയാണ് അവളോട്‌ അത് തുറന്നു പറയാന്‍. "പക്ഷെ അവളുടെ കൂടെ എപ്പോഴും കാണുമല്ലോ രണ്ട് കൂട്ടുകാരികള്‍ വെള്ളരി പാടത്ത് കണ്ണ് ഏറു കൊള്ളാതെ കോലം നാട്ടിയപോലെ ഇടതും വലതും. അവളുമാര്‍ ഒന്ന് ഒഴിഞ്ഞിട്ട് വേണം എനിക്കത് പറയാന്‍. അവള്‍ക്കും എന്നെ ഇഷ്ടം ആണെന് എനിക്കറിയാം. കാരണം ഞാന്‍ അവളെ നോക്കുമ്പോഴെല്ലാം അവള്‍ എന്നെയും നോക്കാറുണ്ട്.

"ഇപ്പോള്‍ എനിക്ക് കാര്യം പിടി കിട്ടി, ശെടാ ഞാനും അതായിരുന്നു കുറച്ചു ദിവസങ്ങള്‍ ആയിട്ട് ആലോചിക്കുന്നത് അവള്‍ ഇടയ്ക്കിടയ്ക്ക് എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് എന്ന്.? അവള്‍ എന്നെ നോക്കി നോക്കി ഇപ്പോള്‍ ഞാനും അവളെ നോക്കാനും, അത് പിന്നിട് എന്നെ അവളെ പ്രണയിക്കാനും പ്രേരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഞാനും അവളെ നല്ലതുപോലെ പ്രണയിച്ചു തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ എല്ലാം അവള്‍ എന്നെയും നോക്കാറുണ്ടായിരുന്നു. അവള്‍ക്കു എന്നെ ഇഷ്ടമാണോ എന്ന് ഒരു ചെറിയ സംശയം ഉണ്ടായിരുന്നു ഇപ്പോള്‍ എല്ലാം മനസ്സിലായി ഇത്രയും നാളും അവള്‍ എന്നെ അല്ല നോക്കിയിരുന്നത് ഇവനെ ആയിരുന്നു എന്ന്. എങ്കിലും ഞാന്‍ വിട്ടു കൊടുക്കാന്‍ തയ്യാര്‍ അല്ലായിരുന്നു. കാരണം ഞാനും അവളെ ഇപ്പോള്‍ ആത്മാര്ധമായ് സ്നേഹിച്ചു തുടങ്ങിയിരുന്നു. 

കഥയിലെ നായകനില്‍ നിന്നും ചിരിക്കുന്ന വില്ലനിലേക്കുള്ള എന്റെ പ്രയാണം പെട്ടെന്ന് ആയിരുന്നു. "പെങ്ങളെ വേണമെങ്കില്‍ ഞാന്‍ ഇവന് കെട്ടിച്ചു കൊടുക്കും അവള്‍ ഇപ്പോള്‍ തന്നെ ഒരു സൂപ്പര്‍വൈസര്‍ വേഷം ചമഞ്ഞു പാരയും പണിഞ്ഞു എന്റെ പിന്നാലെ തന്നെ ഉണ്ട് പക്ഷെ ഇവളെ വിട്ടു കൊടുക്കാന്‍ പറ്റില്ല. എന്ത് വില കൊടുത്തും ഇവളെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പരയിപ്പിചിട്ടെ ഇനി അടങ്ങു. 

പിന്നിടുള്ള അധ്യയന ദിവസങ്ങളില്‍ ഒക്കെ അവന്റെ ഇമേജ് തകര്‍ക്കാനുള്ള ഒരു ഒളിപ്പോരില്‍  ആയിരുന്നു ഞാന്‍. അവന്‍ ചെയ്തു കൂട്ടിയിട്ടുള്ള മുഴുവന്‍ വൃത്തി കേടുകളും ക്ലാസ്സിലെ സുനിലിനോട് രഹസ്യമായി പറഞ്ഞു. ഈ സുനില്‍ സ്പെഷ്യല്‍ ടുഷന്‍ പോകുന്നിടത്ത് ഞങ്ങളുടെ ക്ലാസ്സിലെ വേറെ രണ്ട് പെണ്‍ കുട്ടികളും പോകുന്നുണ്ട്. അങ്ങനെ അവനിലുടെ ആ പെണ്‍കുട്ടികളെ അറിയിച്ചു ഒടുവില്‍ അവളുടെ കാതില്‍ എത്തിക്കുക ആയിരുന്നു എന്റെ ലക്ഷ്യം. കൂടെയുള്ള വേറെ ആണ്കുട്ടികളോട് പറയാന്‍ പറ്റില്ല കാരണം "സിജു അവന്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും നല്ല മസ്സില്സ് ഉണ്ട് കയ്യിലും കാലിലും ഒക്കെ". പണ്ട് എന്തോ കാര്യത്തിന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പഠിക്കുന്ന ബാബുവിന്റെ വയറ്റില്‍ ഒറ്റ ഇടി ഇടിച്ചത. അവന്‍ ആ ഇടിയും കൊണ്ട് ഇരുന്നു പോയി. അതോര്‍ക്കുമ്പോള്‍ തല്ക്കാലം ഒളിപ്പോര്‍ ആണ് നല്ലത്. കഴിഞ്ഞ ആഴ്ച അവളുടെ കാര്യങ്ങള്‍ തിരക്കി രണ്ട് ചേട്ടന്മാര്‍ വീട്ടില്‍ വന്നതായിരുന്നു അന്ന് ഞാന്‍ അവരെ നിരാശര്‍ ആക്കി മടക്കി അയച്ചു അവളുടെ സ്വഭാവം കൊള്ളില്ല എന്നും പറഞ്ഞു. പക്ഷെ അന്ന് ഇങ്ങനെ ഒരു പാര വരും എന്ന് അറിഞ്ഞില്ല എങ്കില്‍ അവരെ ഓണ്‍ ഹോള്ടില്‍ ഇട്ടു ഇവനെതിരെ തിരിച്ചു വിടാന്‍ കഴിഞ്ഞേനെ. സുനിലിനോട് കാര്യങ്ങള്‍ പറഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല അവള്‍ ഇടയ്ക്കിടയ്ക്ക് ഇവനെ നോക്കുന്നുണ്ട് അത് കാണുമ്പോള്‍ എന്റെ ചങ്ക് തകരും. "ചിലപ്പോള്‍ ഈ സുനിലിനും എന്നെ പോലെ സിജുവിന്റെ ഇടി പേടി ആയിരിക്കും". 

അന്നും പതിവുപോലെ സ്കൂള്‍ ബസ്‌ താമസിച്ചാണ് എത്തിയത്. ക്ലാസ്സില്‍ വന്ന ഉടന്‍ അവന്‍ ബുക്ക്‌ എടുത്തു തന്റെ ലോകത്തേക്ക് പോയി. ഇടയ്ക്കു ഞാന്‍ അവന്റെ കാലില്‍ തട്ടിയിട്ടു പറഞ്ഞു ദേണ്ടെ ഡാ അവള്‍ നിന്നെ നോക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറഞ്ഞു അവനെ ഒന്ന്  ഇളക്കുന്നത് ഇപ്പോള്‍ എന്റെ ശീലം ആണ്, എങ്ങനെ എങ്കിലും ഇത് ക്ലാസ്സില്‍ ഉള്ള മറ്റു കുട്ടികള്‍ അറിയണം എങ്കില്‍ തീര്‍ച്ചയായും അത് കുളമാകും. ഉറപ്പായും പിന്നെ അവള്‍ അടുക്കില്ല. പക്ഷെ അതിനു മുന്നേ അവനും അവളും സംസാരിച്ചാല്‍ ചിലപ്പോള്‍ ഒരു പക്ഷെ .... "ദൈവമേ അവളുടെ കൂട്ടുകാരികള്‍ക്ക് ഒരു മൂക്കില്‍ പനി പോലും വരുത്തരുതേ" എന്നും അവളോടൊപ്പം തന്നെ കാണണമേ.  (പണ്ട് അച്ഛന്‍ പ്ലാവില്‍ നിന്നു വീണു നടു ഒടിഞ്ഞു കിടന്നപ്പോള്‍ പോലും ഞാന്‍ ഇത്രയ്ക്കു പ്രാര്ധിച്ചിട്ടു ഉണ്ടാകില്ല എന്ന് തോന്നുന്നു.) 

ദിവസങ്ങള്‍ കഴിയും തോറും ഞാന്‍ പഠനത്തില്‍ അല്‍പ്പം കൂടെ ശ്രെധ കൊടുക്കാന്‍ തുടങ്ങി. അതിന്റെ റിസള്‍ട്ട്‌ ഉത്തര കടലാസ്സിലും കുറേശെ കണ്ടു തുടങ്ങി. എങ്ങനെ എങ്കിലും ഇപ്പോള്‍ ഉള്ള ഈ ബാഡ് ഇമേജ് ഒന്ന് മാറ്റി എടുക്കേണം. പഷേ എന്റെ ഈ മാറ്റത്തിനും ടീച്ചര്‍ ക്രെഡിറ്റ്‌ കൊടുത്തത് അവനാണ്. അത് കേട്ട് അവനെ നോക്കി ഇരുന്നു ചിരിക്കുന്ന അവളും. "മുല്ല പൂം പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാം..... മണ്ണാന്‍ കട്ട.... "ഇവന്‍ കൃത്യമായി കുളിക്കാരും പല്ല് തെയ്ക്കാരും ഇല്ലെന്നു ഇവന്റെ അടുത്തിരുന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേ എനിക്ക് മനസ്സിലായത. പക്ഷെ ഈ കാര്യങ്ങള്‍ എനിക്കല്ലാതെ ക്ലാസ്സില്‍ ഉള്ള വേറെ ആര്‍ക്കും അറിയില്ല അതാണ്‌ എന്റെ ശെരിക്കുള്ള വിഷമം അല്ലാതെ അവനെ കുളിപ്പിക്കണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല. 

ആ ദിവസം എന്തോ എഴുതി കൊണ്ടിരുന്ന അവന്‍ എഴുത്ത് മതിയാക്കി ബുക്ക്‌ അടച്ചു എന്നോട് ചോദിച്ചു സ്കൂള്‍ വിട്ടു അവള്‍ ഏതു വഴിയാണ് വീട്ടില്‍ പോകുന്നത് എന്ന്. ഒരേ സമയം എന്റെ മനസ്സില്‍ സന്തോഷത്തിന്റെയും സന്താപത്തിന്റെയും വെള്ളിടി പൊട്ടി" ഞാന്‍ വഴി പറഞ്ഞു കൊടുത്തു. അവന്‍ അവളുടെ പിറകെ പോകട്ടെ, അവളുടെ ചേട്ടനും കൂട്ടുകാരും ആ കലുങ്ങില്‍ തന്നെ കാണും വൈകുന്നേരം. പണ്ട് ഞാന്‍ അവളുടെ വീട് കണ്ടു പിടിക്കാന്‍ അവളുടെ പിറകെ പോയത. അന്ന് സംശയം തോന്നിയ അവര്‍ എന്നെ പിടിച്ചു നിര്‍ത്തി. "ഒടുവില്‍ തേങ്ങ വെട്ടാന്‍ പോകുന്ന കോവാലന്‍ അണ്ണന്റെ വീട് തിരക്കി വന്നതാണെന്ന് പറഞ്ഞു രെക്ഷപെട്ടു. അവര്‍ക്ക് എന്റെ വീട് അറിയാത്തത് ഭാഗ്യം വീട്ടില്‍ ഒരു കാറ്റ് വീണ തെങ്ങ് പോലും ഇല്ല എന്ന സത്യം അവര്‍ അറിഞ്ഞിരുന്നു എങ്കില്‍ എന്റെ കാര്യത്തില്‍ അന്ന് ഒരു തീരുമാനം ആയേനെ. തെങ്ങ് പോയിട്ട് സ്വന്തമായി വസ്തു ഉണ്ടോ എന്ന് പോലും അറിയില്ല. ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ മാത്രമേ ഇന്ന് സ്വന്തം ആയിട്ടുള്ളൂ. പട്ടയം തരാമെന്നും സ്വന്തമായി ഭുമി ഉണ്ടാകും എന്നും ഒക്കെ ഉള്ള വാഗ്ദാനങ്ങള്‍ ഇന്നും ചുവപ്പ് നാടകളില്‍ കുരുങ്ങി ഏതോ സര്‍ക്കാര്‍ ഓഫീസിന്റെ പൊടി പിടിച്ച അലമാരിക്കുള്ളില്‍ ഇടതു വലതു ഭരണം മാറി മാറി വരുന്നതും കണ്ടു ഞങ്ങളെ പോലെ നെടുവീര്‍പ്പുകള്‍ ഇടുന്നുണ്ടാകം. 
ഒരു പക്ഷെ ഇതൊക്കെ കൊണ്ട് തന്നെ ആകാം എന്റെ പ്രണയം ഞാന്‍ അവളോട്‌ പറയാന്‍ മടിക്കുന്നതും. ഇത് സിനിമ അല്ലാലോ ശുഭം എന്ന് എഴുതി കാണിച്ചു നായികയുടെ കയ്യും പിടിച്ചു നായകന്‍ പതിയെ നീങ്ങുന്നത്‌ സ്ക്രീനില്‍ തെളിയാന്‍ .

പിന്നെയും  അവന്‍ കുത്തി കുത്തി ചോദിച്ചപ്പോള്‍ ഞാന്‍ അവളുടെ വീടിനെക്കുറിച്ചും പോകേണ്ട വഴികളെ കുറിച്ചും ഒക്കെ വളരെ കഷ്ടപ്പെട്ട് ഞാന്‍ കണ്ടു പിടിച്ച കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. "ടുഷന്‍ വിട്ടു അവള്‍ പോകുന്നത് അഞ്ചരക്ക് ആണ്. അപ്പോള്‍ കൂടെ ഈ രണ്ട് കൂട്ടുകാരികള്‍ ഉണ്ടാകും, ഒരു ഇടവഴി വരുമ്പോള്‍ ഇവര്‍ പിരിയും. എളുപ്പം വീട്ടില്‍ എത്താന്‍ വേണ്ടി അവള്‍ അവിടെ ഉള്ള ഒരു റബ്ബര്‍ തോട്ടത്തില്‍ കൂടെ കുറുക്കിനു പോകും. റബ്ബര്‍ തോട്ടം കഴിഞ്ഞാല്‍ പിന്നെ ചെറിയ വഴി അത് അവസാനിക്കുന്നത്‌ വയലില്‍ ആണ്, ആ വയലില്‍ ഒരു അമ്പലം ഉണ്ട് അമ്പലത്തിനു തൊട്ട് പിറകില്‍ ആണ് ഇവളുടെ വീട് ഇളം നീല പെയിന്റ് അടിച്ച ഒരു ഇരുനില വീട്. വീട്ടില്‍ നിന്നും നോക്കിയാല്‍ ഈ അമ്പലവും വിശാലമായ പാടശേഖരവും നന്നായി കാണാം. ഇനി നിനക്ക് എന്തെങ്കിലും അവളോട്‌ പറയാന്‍ ഉണ്ടെങ്കില്‍ ആകെ കിട്ടുന്ന ഒരു അവസരം ഈ റബ്ബര്‍ തോട്ടം മുറിച്ചു കടക്കുമ്പോള്‍ മാത്രമേ കിട്ടു അത് കഴിഞ്ഞാല്‍ പിന്നിടുള്ള വഴികളില്‍ ഒക്കെ ആള്‍ സഞ്ചാരം ഉണ്ടാകും. 

ഞാന്‍ ഇതിനു മുന്നേ പലപ്പോഴും അവള്‍ അറിയാതെ അവളെ പിന്തുടര്‍ന്നിരുന്നു. ഒരുപാട് ദിവസങ്ങളില്‍ ആ അമ്പലത്തില്‍ നിന്നും അവളെ നോക്കി കണ്ടിരുന്നു. വീടിന്റെ മുകളിലത്തെ നിലയില്‍ കസേര ഇട്ടു വിശാലമായ പാട ശേഖരതെയ്ക്ക് നോക്കി ഇരിക്കുമായിരുന്നു അവള്‍. പക്ഷെ ഒരിക്കലും അവളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രേധിച്ചിരുന്നു. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇന്നും അറിയില്ല. ഒരു പക്ഷെ അവള്‍ അറിയാതെ അവളെ സ്നേഹിക്കുന്നതയിരുന്നു എനിക്ക് അന്ന് ഇഷ്ടം എന്ന് തോന്നുന്നു. അതോ എന്റെ അന്നത്തെ പരിത സ്ഥിതി എനിക്ക് തന്നെ നല്ലതുപോലെ അറിയാം ആയിരുന്നത് കൊണ്ടോ. എന്തായാലും അത് ചികഞ്ഞെടുത്തു ഞാന്‍ എന്റെ മനസ്സിനെ കൂടുതല്‍ വേദനിപ്പിക്കാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. തല്ക്കാലം അവള്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ. 
വഴി പറഞ്ഞു കൊടുത്തപ്പോള്‍ അവനു എന്നോടുള്ള സ്നേഹം ഒന്നും കൂടെ കൂടി. അവന്‍ ഒത്തിരി നന്ദി പറഞ്ഞു. എനിക്ക് അവനോടു ഉള്ള ദേഷ്യം കുറേശെ കുറഞ്ഞു തുടങ്ങിയത് പോലെ തോന്നുന്നു അതോ ഞാന്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു തുടങ്ങിയോ എന്ന് അറിയില്ല. ടീച്ചര്‍ അവിടെ തകൃതിയായി എന്തൊക്കെയോ പഠിപ്പിക്കുന്നു, കുട്ടികള്‍ എന്തൊക്കെയോ എഴുതി എടുക്കുന്നു, പരിക്ഷ പടിവാതില്‍ക്കല്‍ എത്താന്‍ പോകുന്നു. ക്ലാസ്സ്‌ പിന്നെയും തുടര്‍ന്നു ഞങ്ങള്‍ രണ്ടും വെത്യസ്തങ്ങളായ  ജീവിത വീക്ഷണത്തിലൂടെ ഒരു സുന്ദരമായ ലോകം ശ്രിഷ്ടിച്ചു അവളെയും സ്വപ്നം കണ്ടിരുന്നു.  

അന്ന് വൈകുന്നേരം സ്കൂള്‍ ബസ്സില്‍ പോകാതെ അവന്‍ ടുഷന്‍ വിട്ടു വരുന്ന അവളെയും കാത്ത് സ്കൂളിന്  തൊട്ട് മുന്നില്‍ ഉള്ള സൈദാലിക്കയുടെ കടയുടെ പിറകില്‍ നിന്നു. ഒടുവില്‍ ക്ലാസ്സ്‌ കഴിഞ്ഞു കൂട്ടുകാരികളോട് ഒപ്പം അവള്‍ അതുവഴി കടന്നു പോയി. അവര്‍ക്ക് പിന്നിലായി അല്‍പ്പം മാറി അവനും അവരെ പിന്തുടര്‍ന്നു. ഒടുവില്‍ റബ്ബര്‍ തോട്ടം വന്നു, കൂട്ടുകാരികള്‍ പിരിഞ്ഞു പോയി. അതുവരെ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന അവള്‍ തിരിഞ്ഞു നോക്കി നടത്തം പതിയെ ആക്കി. അവന്‍ നടത്തയുടെ വേഗം കൂട്ടി അവളുടെ അരികില്‍ എത്തി. ഒട്ടും സമയം ഇല്ലാത്തതു കൊണ്ടും ഹൃദയതാളം പെരുമ്പരയെക്കള്‍ ഉച്ചത്തില്‍ മുഴങ്ങി അവനു തന്നെ കേള്‍ക്കാന്‍ കഴിയുന്നത്‌ കൊണ്ടും വിറയ്ക്കുന്ന സ്വരതോടെ അവന്‍ അവളോട്‌ പറഞ്ഞു "എനിക്ക് കവിതയെ ഇഷ്ടം ആണ്". എന്നെ ഇഷ്ടം ആണെങ്കില്‍ ആലോചിച്ചു മറുപടി പറയുക. "അവന്‍ തീരെ പ്രെതിക്ഷിക്കാത്ത ഒരു മറുപടി പെട്ടെന്ന് തന്നെ അവളില്‍ നിന്നും കിട്ടി എനിക്കും സിജുവേട്ടനെ ഒത്തിരി ഇഷ്ടം ആണ്. !!! ഇതുവരെ എന്നോട് ഇത് തുറന്നു പറയതത്തില്‍ ഉള്ള നീരസം മാത്രമേ ഉള്ളു. അവള്‍ അവന്റെ കൈ പിടിച്ചു പതിയെ ചുംബിച്ചു. വര്‍ധിച്ചു വന്ന സന്തോഷത്തില്‍ അവന്‍ അവളുടെ കവിളില്‍ ചുംബിച്ചിട്ടു ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു എനിക്ക് കവിതയെ ഇഷ്ടം ആണേ ഒത്തിരി ഒത്തിരി ഇഷ്ടം ആണേ. 

"പടേന്ന് ഒരടി അവന്റെ കയ്യില്‍ വീണു ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്ന അവന്‍ എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ചുറ്റും നോക്കി .. "ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും അവനെ നോക്കി ഇരുന്നു ചിരിക്കുന്നു അവള്‍ മാത്രം കടന്നാല്‍ കുത്തിയ മുഖവുമായ്. "അപ്പോള്‍ ഞാന്‍ ഈ കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ? ശെരിയാണ് അവള്‍ തന്ന ചുമ്പനം അല്ല പകരം ടീച്ചര്‍ അടിച്ച അടിയാണ് കയ്യില്‍ തിണര്‍ത്തു വരുന്നത്. "എന്താ സിജു ക്ലാസ്സില്‍ ഇരുന്നു സ്വപ്നം കണ്ടിട്ട് അനാവശ്യം വിളിച്ചു പറയലാണോ പണി?, ടീച്ചര്‍ കത്തി കയറുകയാണ്. ക്ലാസ്സ്‌ കഴിഞ്ഞിട്ട് ഓഫീസ് മുറിയിലേക്ക് വരിക. ക്ലാസ്സിനെ നിശബ്ദം ആക്കാന്‍ ടീച്ചര്‍ ചൂരല്‍ വടി എടുത്തു മേശമേല്‍ ഉറക്കെ അടിച്ചു. ക്ലാസ്സ്‌ നിശബ്ദം. അടികൊണ്ട തണുത്ത കയ്യും വ്രെണിത ഹൃദയവുമായി ഇരുന്ന അവന്‍ ഒരു ഇലിഭ്യതയോടെ ആണെങ്കിലും എന്നോട് എല്ലാം തുറന്നു പറഞ്ഞു, അവളുടെ പിന്നാലെ പോയതും, റബ്ബറിന്‍ തോട്ടവും, ഉമ്മയും എല്ലാം ..
"അവനു മാത്രം കേള്‍ക്കാന്‍ കഴിയുന്ന സ്വരത്തില്‍ പതിയെ ഞാന്‍ അവന്റെ കാതില്‍ മന്ത്രിച്ചു "എനിക്കും ഇഷ്ടമാണ് കവിതയെ.. ഒത്തിരി ഒത്തിരി ഇഷ്ടമാണ്". 

ശുഭം.

തമ്പുരാന്‍ 

No comments:

Post a Comment