Saturday, June 25, 2016

നിഴലുകൾ


സ്കൂൾ അദ്ധ്യായന വർഷത്തിന്റെ അവസാന ദിവസം പരീക്ഷയെക്കാൾ എന്നെ അലട്ടിയിരുന്നത് അന്ന് വൈകുന്നേരം നാലു മണിക്ക് ഞങ്ങടെ നാട്ടിൽ നിന്നും പട്ടണത്തിലേക്ക് പുറപ്പെടുന്ന ബസിൽ കയറുകയെന്ന കാര്യം ആയിരുന്നു. ആ ബസ്സ്‌ പൊയ്ക്കഴിഞ്ഞാൽ പിന്നെ പട്ടണത്തിലേക്ക് പോകാൻ അന്ന് വേറെ ബസ്‌ ഉണ്ടായിരുന്നില്ല. എല്ലാ വർഷവും സ്കൂൾ അടച്ചാൽ പിന്നെയുള്ള രണ്ടു മാസത്തെ അവധിക്കാലം അമ്മയുടെ വീട്ടിൽ ആണ്, ഈ നാലുമണി ബസ്‌ അതുവഴിയാണ് പട്ടണത്തിലേക്ക് പോകുന്നത്. 

സ്കൂൾ വിടുന്നതിനു മുൻപേ പതിവായ് മുഴങ്ങാറുള്ള ദേശിയ ഗാനം കേൾക്കുമ്പോൾ തന്നെ ഞങ്ങൾ എല്ലാവരും ഓടാൻ തയ്യാറായി നില്ക്കുന്നുണ്ടാകും. അവസാനം അടിക്കുന്ന ആ കൂട്ട മണി സ്വാതന്ത്ര്യത്തിലേക്കുള്ള പുതിയ വാതായനങ്ങൾ തുറന്നിടും. അധ്യാപകരും വിദ്യർദ്ധികളും ഉൾപ്പെടുന്ന ഒരു കൂട്ട ഓട്ടം ആണ് പിന്നിട് ഈ നാലുമണി ബസ്സിനു വേണ്ടി. പോകുന്ന വഴിയിൽ എല്ലാം പാഠ പുസ്തകത്തിന്റെ താളുകൾ ചിതറി കിടക്കുന്നത് കാണാം.അത് നമുക്ക് മുന്നേ ഓടിയവർ  പറത്തി വിട്ടതാണ്. അത് പെറുക്കി എടുക്കാനും ചെറിയ കുട്ടികൾ കാണും ആ വഴിയരുകിൽ. അത് ചേർത്ത് വെച്ച് അടുത്ത വർഷം പഠിച്ചിരുന്ന നിരവധി കുട്ടികൾ ഉണ്ടായിരുന്നു അക്കാലത്ത്. "അത്തരത്തിൽ ഉള്ള ഒരാളായിരുന്നു ഞാനും". വീടിനടുത്തുള്ള എന്നേക്കാൾ മുതിർന്ന കുട്ടികൾ പഠിച്ച പുസ്തകം രണ്ടു കൈ മറിഞ്ഞാണ് എല്ലാ വർഷവും എൻറെ കയ്യിൽ എത്തിയിരുന്നത്. അക്കാലത്തൊന്നും ഞാൻ പുസ്തകങ്ങളുടെ ആദ്യത്തെ ഒന്ന് രണ്ടു പാഠവും അവസാന പേജുകളും കണ്ടിരുന്നില്ല. എന്റെ കയ്യിൽ എത്തും മുന്നേ അവർ കാല പഴക്കം കൊണ്ട് സ്വാത്രന്ത്ര്യം നേടിയിരുന്നു അല്ലെങ്കിൽ മുന്നേ പഠിച്ച കുട്ടികൾ അവരുടെ പേരുകൾ എഴുതിയത് കൊണ്ട് ആ പേജുകൾ എനിക്ക് മുന്നേ വാങ്ങിയവർ കീറി മാറ്റിയിരുന്നു. തുടക്കവും ഒടുക്കവും ഇല്ലാത്ത ആ പുസ്തകങ്ങളെ ന്യൂസ്‌ പേപ്പർ വെച്ച് പൊതിഞ്ഞു, കീറിയ പേജുകൾ ചോറ് വെച്ച് ഒട്ടിച്ച് ആയിരുന്നു പിന്നീടുള്ള പഠനം. 

എന്തായാലും ആ വർഷത്തെ അവസാന പരീക്ഷ കഴിഞ്ഞുള്ള ആ ഓട്ടത്തിൽ ഞാൻ വളരെ മുന്നിൽ ആയിരുന്നു. കാരണം എനിക്ക് മുന്നിൽ വളരെ കുറച്ചു പുസ്തക താളുകൾ  മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ഓടുന്നതിനിടയിൽ ഞാൻ പുസ്തകം പറത്തി വിടുന്നുണ്ടായിരുന്നു, ഇനി ഞാൻ പഠിക്കാൻ പോകുന്നത് അഞ്ചാം ക്ലാസ്സിൽ ആണ്. അത് ഈ സ്കൂളിൽ അല്ല. ഓട്ടം ബസ്‌ സ്റ്റോപ്പിൽ അവസാനിച്ചതും അവിടെ എന്നെ കാത്തു അമ്മ നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ പിന്നെ ബസ്‌ കാത്തു നിൽപ്പായി. കൃത്യം അഞ്ചു മിനുട്ടിന് ഉള്ളിൽ തന്നെ ബസ്‌ എത്തി.  ആ ബസ്‌ അമ്മയുടെ നാട്ടിലെ കവലയിൽ എത്തുമ്പോഴേക്കും ഞങ്ങളെ കാത്ത് കവലയിലുള്ള ആൽമര ചുവട്ടിൽ ആരെങ്കിലും കാണും. ഒന്നുകിൽ അപ്പുപ്പൻ അല്ലെങ്കിൽ മാമൻ മാരിൽ ആരെങ്കിലും. പിന്നെ മിട്ടായി  ഒക്കെ വാങ്ങി നേരെ അവരുടെ കൂടെ പാടം കടന്നു വീട്ടിലേക്കുള്ള യാത്ര ആണ്. 

വീടിനു അടുത്തുള്ള ആമ്പൽ കുളത്തിൽ കുട്ടികൾ എന്നത്തേയും പോലെ അന്നും എത്തിയിരുന്നു. ഇനിയുള്ള ആ രണ്ടു മാസം എന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടെ ആണ്. ഒരു വലിയ ആമ്പൽ കുളം അതിന്റെ കരയിൽ കുളത്തിലേക്ക്‌ ചാഞ്ഞു നില്ക്കുന്ന നാട്ടുമാവ് കുളത്തിൽ നിന്നും ജലം ഒരു ചെറിയ അരുവി പോലെ ഒഴുകി ദൂരെ ഉള്ള പുഴയിൽ ചേരും. കുളക്കരയിൽ ഉള്ള മാവിൽ നിറയെ മാമ്പഴം ആണ് കാറ്റടിച്ചാൽ അത് പൊഴിഞ്ഞു കുളത്തിൽ വീഴും. കരയിൽ വീഴുന്ന മാമ്പഴം  പെൺകുട്ടികൾക്ക് ഉള്ളതാണ് ആൺകുട്ടികൾ കുളത്തിൽ നീന്തി മാമ്പഴം എടുത്തു കൊള്ളണം. അതാണ്‌ അവിടുത്തെ നിയമം. 
എനിക്ക് നീന്തൽ അറിയാത്തത് കൊണ്ട് ഞാൻ വെള്ളത്തിനും  കരയ്ക്കും ഇടയിൽ അങ്ങനെ കാത്തു നില്ക്കും. 

കാത്തിരിപ്പിന് ഒടുവിൽ എപ്പഴോ കരയിൽ വീണ ഒരു മാമ്പഴം ആരും കാണാതെ തട്ടി ഞാൻ വെള്ളത്തിൽ ഇട്ടു, ഞൊടിയിടയിൽ അത് കൈക്കലാക്കി തിരിഞ്ഞു നോക്കിയപ്പോൾ "ഒരു പെൺകുട്ടി" അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു നിയമ പ്രകാരം അത് അവൾക്കു ഉള്ളതാണ്. അവളാണ് ആദ്യം ഓടി എത്തിയത്. എന്താണെന്നു അറിയില്ല ഞാൻ അത് അവൾക്കു നല്കി. അവൾ സന്തോഷത്തോടെ അത് വാങ്ങി നോക്കിയിട്ട് എനിക്ക് തിരികെ തന്നു. 

പിന്നിടുള്ള മാങ്ങ പെറുക്കൽ ഞങ്ങൾ ഒരുമിച്ചായി . നീന്തൽ അറിയാത്തത് എത്ര വലിയ നാണക്കേട്‌ ആണ് എന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഈ വർഷം എന്തായാലും നീന്തൽ പഠിക്കണം. കഴിഞ്ഞ വർഷം മാമൻ സമ്മതിച്ചതാണ് ഈ വർഷം പഠിപ്പിക്കാം എന്ന്. എന്തായാലും ഉടനെ നീന്തൽ പഠിച്ചേ പറ്റു. എന്റെ വിജയം ആഗ്രഹിക്കുന്ന ഒരാൾ ഈ നാട്ടിൽ ഉണ്ടായിരിക്കുന്നു. അവളും എന്നെ പോലെ അവധിക്കു അമ്മ വീട്ടില് വന്നതാണത്രേ.

മാവിൻ ചുവട്ടിലെ ഞങ്ങടെ ജീവിതം രെസകരം ആയി ഒരാഴ്ച പിന്നിട്ടു. നാട്ടിൽ നിന്നും നാളെ പരിക്ഷ കഴിഞ്ഞു ചേട്ടൻ വരും,  പിന്നെയും ഒരാഴ്ച കഴിയുമ്പോൾ പട്ടാളത്തിൽ ഉള്ള മാമൻ വരും. ചേട്ടൻ വന്നാൽ പിന്നെ എന്റെ സ്വാതന്ത്ര്യം നഷ്ടം ആകും... ഡാ അത് ചെയ്യരുത് ഇത് ചെയ്യരുത് എവിടെ പോകുന്നു. ഇപ്പോൾ പോകേണ്ട വെള്ളത്തിൽ ഇറങ്ങണ്ട എന്ന് പറഞ്ഞു പിന്നെ ഭരണം ആണ്. മാത്രമല്ല ഞാൻ നിധി പോലെ സൂക്ഷിക്കുന്ന പലതും അവൻ അധികാരത്തോടെ പിടിച്ചെടുക്കും. ഇപ്പ്രാവശ്യം കിട്ടിയ നിധി  വളരെ വിലപ്പെട്ടതാണ്‌ അതെങ്ങാനും നഷ്ടം ആയാലോ.
ആ ദിവസവും അങ്ങനെ കടന്നു പോയി. വൈകുന്നേരം മാങ്ങ എണ്ണിയപ്പോൾ അന്നും എനിക്ക് വളരെ കുറവായിരുന്നു. സാരമില്ല എന്ന് അവൾ പറഞ്ഞു ചേട്ടന് നീന്തൽ അറിയാത്തത് കൊണ്ടല്ലേ.. ഞാൻ ആശ്വസിച്ചു. "ഇനി മുങ്ങി ചത്താലും വേണ്ടില്ല ഈ വർഷം നീന്തൽ പഠിച്ചേ പറ്റു". 

പിറ്റേ ദിവസം ചേട്ടൻ വന്നു അവൻ വലുതായത് കൊണ്ട് പുഴയിൽ പോകാൻ ഉള്ള അനുവാദം കിട്ടി. അവന്റെ അകാര വടിവ് ഇതുവരെ എനിക്ക് ഒരു ശാപം ആയിരുന്നു. തല്ലു കൂടുമ്പോൾ എല്ലാം അവന്റെ വലിപ്പം ആയിരുന്നു എന്നെ പരാജയപെടുതിയിരുന്നത്. ആദ്യമായി  ഞാൻ അഭിമാനിച്ചു അവൻ വലുതായതിൽ.... "അവനു അങ്ങനെ തന്നെ വേണം". ഇനി മാവിൻ ചുവട്ടിൽ അവന്റെ ശല്യം ഉണ്ടാകില്ല. 

പിന്നെയും ഒരാഴ്ച കടന്നു പോയി. പട്ടാളത്തിൽ ഉള്ള മാമൻ വന്നു പിന്നെ ഒരു ഉത്സവം ആയിരുന്നു.. നിറയെ മിട്ടായി, ഇഷ്ടം പോലെ കളിപ്പാട്ടം, മാമന്റെ കൂടെ ദൂരെ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, കുളത്തിൽ ചെറിയ നീന്തൽ പഠനം, കരയിൽ ഇതെല്ലാം കണ്ടു കൊണ്ട് അവൾ. ആഘോഷം തകൃതിയിൽ നടക്കുന്നു.
 
അതിനിടയിൽ ഒരു ദിവസം ചേട്ടൻ ആണ് ആ കാര്യം പറഞ്ഞത് മാമൻറെ പട്ടാള ഉടുപ്പിന്റെ കീശയിൽ ഒരു വിസ്സിൽ ഉണ്ടത്രേ അത് ശക്തി ആയി ഊതിയാൽ ഒരു കിലോമീറ്റെർ  ചുറ്റളവിൽ ഉള്ള പോലീസ് എല്ലാം അവിടെ ഓടി വരുമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു. അതെ കാര്യം പിന്നിട് അവളോട്‌ പറഞ്ഞപ്പോൾ അവൾക്കു അതിനേക്കാൾ വലിയ അത്ഭുതവും. "അങ്ങനെയും ഒരു വിസ്സിലോ", എങ്കിൽ അതൊന്നു കാണണമല്ലോ.. മാമനോട് എത്ര ചോദിച്ചിട്ടും ഒരിക്കൽ പോലും അതൊന്നു കയ്യിൽ തന്നില്ല. വളരെ നിർബന്ധിച്ചപ്പോൾ ഒരിക്കൽ ഒന്ന് കാണിച്ചു അത്ര മാത്രം ... "വിരലിന്റെ ആകൃതിയിൽ വെള്ളി കൊണ്ട് നിർമിച്ചു അതിൽ മയിൽ‌പ്പീലി കൊത്തിയിരിക്കുന്നു. "മാമനു എന്ത് കൊണ്ടായിരിക്കും ആ വിസിൽ അത്രത്തോളം പ്രിയപ്പെട്ടത് ആയതു?.... 

പിന്നിടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ശ്രെമം അത് എങ്ങനെ എങ്കിലും എടുക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ അത് അത്ര എളുപ്പം അല്ലായിരുന്നു. എനിക്ക് എടുക്കവുന്നതിലും ഉയരത്തിൽ ആണ് 'അയ' കെട്ടിയിരുന്നത് അതിൽ ആണ് ഈ ഉടുപ്പ് തൂക്കി ഇട്ടിരിക്കുന്നത് എനിക്ക് എന്തായാലും അത് എടുക്കാൻ കഴിയില്ല. അവിടെയും എന്റെ പരാജയം എന്റെ വലിപ്പം ആയിരുന്നു. 
എന്തായാലും ആഗ്രഹ പൂർത്തീകരണം സാധിക്കാതെ ആ വർഷത്തെ അവധിക്കാലം അവസാനിച്ചു. അവളോടും കുടുംബക്കരോടും യാത്ര പറഞ്ഞു ഞങ്ങൾ മടക്ക യാത്രക്ക് ഒരുങ്ങി. പോകുന്നതിനു മുന്നേ അവസാനമായി അവൾ ചോദിച്ചതും ആ വിസിൽ കിട്ടിയോ എന്നായിരുന്നു. ഇല്ല എന്ന് മറുപടി നൽകി ... "കിട്ടിയാൽ എനിക്ക് തരാമോ എന്ന് അവൾ ചോദിച്ചു"?. ഒന്ന് മന്ദഹസിച്ചു ഞാൻ തിരികെ നടന്നു. ...
പോകും മുന്നേ ഒന്നും കൂടെ ഞാൻ മാമൻറെ മുറിയിലേക്ക് പോയി അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ചേട്ടൻ കട്ടിലിനു മുകളിൽ കയറി ഉടുപ്പിന്റെ പോക്കെറ്റിൽ നിന്നും ആ വിസിൽ എടുക്കുന്നു. ഞാൻ ഒളിച്ചിരുന്ന് അത് കണ്ടിട്ട് തിരിഞ്ഞോടി.

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അവന്റെ പോക്കറ്റിൽ ആ വിസിൽ മുഴച്ചു നില്ക്കുന്നത് എനിക്ക് കാണാമായിരുന്നു. അവൻ ആണെങ്കിൽ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് ഇരിക്കുന്നു. വീട്ടിൽ വന്നു ഡ്രസ്സ്‌ മാറി അവൻ ടോയ് ലെറ്റിലേക്ക് ഓടി, ആ തക്കത്തിന് ഞാൻ അത് അവൻറെ പോക്കെറ്റിൽ നിന്നും എടുത്തു വീടിനു പിറകിൽ ഉള്ള  പുളിമര ചുവട്ടിൽ കുഴിച്ചിട്ടു. പിന്നെ മിണ്ടാതെ ഇരുന്നു. പിന്നിടുള്ള ദിവസങ്ങളിൽ ചേട്ടൻ വെരുകിനെ പോലെ വീട് മുഴുവൻ എന്തോ  തിരയുന്നുണ്ടായിരുന്നു. പലപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആര് എത്ര ചോദിച്ചിട്ടും അവൻ ഒന്നും മറുപടി നല്കിയില്ല പലപ്പോഴും ഞാനും അവനെ തിരയാൻ സഹായിച്ചു. അവൻ എന്താണ് തിരയുന്നത് എന്ന് ഞാനും അവനും പരസ്പരം ചോദിച്ചതും പറഞ്ഞതും ഇല്ല. 

പുതിയ സ്കൂളിൽ പഠനം തുടങ്ങിയ ദിവസങ്ങളിൽ എല്ലാം തന്നെ എന്റെ മനസ്സിലെ ചിന്ത എവിടെ പോയി അത് ഒന്ന് ഊതും എന്നായിരുന്നു. ഇനി അത് ഊതി ശെരിക്കും പോലീസ് എങ്ങാനും വന്നാലോ. ഇതിനെ കുറിച്ച് വേറെ ആരോടും ചോദിക്കാനും പറ്റില്ല. ഒരു അവസരത്തിന് വേണ്ടി കാത്തിരുന്നു. ആരും വരാത്ത ഒരു സ്ഥലം വേണം അത് ഞങ്ങടെ നാട്ടിലെ സർപ്പക്കാവ് ആണ്. അതിനുള്ളിൽ കയറിയാൽ പിന്നെ എന്ത് സംഭവിച്ചാലും പുറം ലോകം അറിയില്ല പക്ഷെ പേടി കാരണം കാവിൽ കയറാനും വയ്യ. ചേട്ടന്മാരെ കൂട്ടിനു വിളിക്കാം എന്ന് വെച്ചാൽ പിന്നെ വിസ്സിലിന്റെ ഉടമസ്ഥാവകാശം എനിക്ക് നഷ്ടമാകും മാത്രമല്ല നല്ല തല്ലും കിട്ടും . കാരണം ചേട്ടൻ അമ്മാതിരി തിരച്ചിൽ ആണ് വീട്ടിൽ അതിനു വേണ്ടി തിരഞ്ഞത്. 

മാസങ്ങൾ കടന്നു പോയി അപ്പോഴെല്ലാം ആരും അറിയാതെ വിസിൽ പുളിമര ചുവട്ടിൽ വിശ്രമിച്ചു. കാത്തിരിപ്പ്‌ വർദ്ധിത വീര്യം തന്ന ഒരു ഞായറാഴ്ച കാവിൽ പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. ആരും കാണാതെ മരച്ചുവട്ടിൽ ഒളിച്ചു വെച്ച വിസിൽ പുറത്തെടുത്തു. ഭാഗ്യം അത് അവിടെ തന്നെ ഉണ്ട്. എന്നെക്കാൾ വലിയ കള്ളൻമാർ ആരും ഈ വീട്ടിൽ ഇല്ല എന്ന് അന്ന് ബോധ്യം വന്നു. 

ആളൊഴിഞ്ഞ അമ്പല പറമ്പിലൂടെ കാവിലേക്കു പോകുമ്പോൾ തന്നെ കാണാമായിരുന്നു ആകാശം മുട്ടെ വളർന്നു നില്ക്കുന്ന വലിയ മരങ്ങൾ അതിൽ പാമ്പുപോലെ ചുറ്റി വരിഞ്ഞു വലിയ കാട്ടു വള്ളികൾ. കാവിനു സംരക്ഷണം എന്നപോലെ ചൂരൽ കാട് ആണ്. ഈ ചൂരൽ കാട് കടന്നു വേണം കാവിൽ കയറാൻ. മരത്തിൽ ചുറ്റി കിടക്കുന്ന ഈ വള്ളികൾ ഒക്കെ പാമ്പുകൾ ആണത്രേ, രാത്രിയിൽ അവർ ഉണരും കാവിൽ വെച്ചിരിക്കുന്ന പാല് കുടിക്കാൻ താഴേക്ക്‌ വരും. അപ്പോൾ കട വാവലുകൾ വലിയ ശബ്ധത്തിൽ കരഞ്ഞു കൊണ്ട് കാവിനു ചുറ്റും വട്ടമിട്ട് പറക്കും. പിന്നിട് പാമ്പുകൾ ഉറങ്ങിയിട്ടെ അവർ തിരികെ വരികയുള്ളൂ. 

കാവിനോട് അടുക്കും തോറും എന്റെ  ധയ് ര്യം ചോർന്നു തുടങ്ങി. കഷ്ട്ടിച്ചു ഒരാൾക്ക്‌ കടക്കാൻ തക്കവണ്ണം കാവിലേക്കു കയറാൻ ഉള്ള വഴിയിൽ ചൂരൽ വള്ളികൾ വെട്ടി മാറ്റിയിട്ടുണ്ട്. എങ്കിലും അവയുടെ വള്ളികൾ ദേഹത്ത് ഉരയും അതിൽ പാമ്പിന്റെ വിഷം ഉണ്ടത്രേ, അത് ദേഹത്ത് ഉരയാതെ വേണം അകത്തു കടക്കാൻ. 

ചൂരൽക്കാട് കടന്നു ഞാൻ കാവിനുള്ളിലേക്ക് നടന്നു, കഷ്ടിച്ച് ഒരു പത്തടി വെച്ച് കാണും കാലിൽ  എന്തോ തണുപ്പുള്ള വസ്തു തട്ടിയ പോലെ പിറകിൽ ഒരു കരിയില ഇളക്കം പാമ്പ് ചുറ്റിയതു തന്നെ എന്ന് തോന്നുന്നു ഇനി തല കീഴായി ചൂരൽ വള്ളികൾക്ക് ഇടയിലേക്ക് വലിച്ചു കയറ്റും അവിടെ നിന്നും രെക്ഷപെടാൻ പിന്നെ ആർക്കും സാധിക്കില്ല, രാത്രി ആകുമ്പോൾ പാമ്പുകൾ എല്ലാം കൂടെ വന്നു പങ്കിട്ടെടുക്കും. ....... 
എന്റമ്മോ എന്ന് വിളിച്ചു കൊണ്ട് പിന്നിട് ഒരു ഓട്ടം ആയിരുന്നു..... ഓട്ടത്തിനിടയിൽ ചൂരൽ വള്ളികൾ ദേഹത്താകെ ഉരഞ്ഞു കാൽ എന്തിലോ തട്ടി കമിഴ്ന്നു വീണു. അവിടെ നിന്നും എഴുന്നേറ്റു തിരിഞ്ഞു നോക്കാതെ പിന്നെയും ഓടി. തിരിഞ്ഞു നോക്കിയാൽ വഴിതെറ്റിച്ചു പിന്നെയും കാവിനുള്ളിലേക്ക് കൊണ്ട് പോകും പാമ്പുകൾ.

ഓട്ടം അവസാനിച്ചത്‌ കുളക്കടവിൽ ആണ്. ദേഹം ആസകലം ഒരു നീറ്റൽ കയ്യും കാലും മുറിഞ്ഞു ചോര പൊടിഞ്ഞു തുടങ്ങി. സങ്കടവും ദേഷ്യവും വേദനയും കൊണ്ട് കണ്ണ് നിറഞ്ഞു. പരാജിതൻ ആയി തല കുമ്പിട്ടു ഇരിക്കുന്ന എന്നെ എനിക്കുതന്നെ കാണാൻ എന്ന വണ്ണം കുളത്തിലെ ജലത്തിന് ഒരു ചലനം പോലും ഇല്ല.  എത്ര സമയം അങ്ങനെ ഇരുന്നു എന്ന് ഓർമ്മ ഇല്ല, പെട്ടെന്നാണ് എന്റെ മനസ്സിൽ  ആ ആശയം ഉദിച്ചത് എന്ത് കൊണ്ട് കുളത്തിൽ മുങ്ങി ഇരുന്നു വിസിൽ ഊതിക്കൂട അതാകുമ്പോൾ ആരും കേൾക്കുകയും ഇല്ല. എന്റെ ആഗ്രഹവും സാധിക്കും, പിന്നെ ഒന്നും ആലോചിച്ചില്ല വേദനയും സങ്കടവും കടിച്ചു പിടിച്ചു നേരെ കുളത്തിലേക്ക്‌ ഇറങ്ങി.

ഒന്നാം പടിയിലെ വെള്ളം കാൽ മുട്ടുവരെ രണ്ടാം പടി നെഞ്ചൊപ്പം മൂന്നാം പടി മൂക്കൊപ്പം പിന്നെ നില ഇല്ല അതാണ്‌ വർഷങ്ങൽ ആയി ഞങ്ങടെ അമ്പല കുളത്തിലെ വെള്ളത്തിന്റെ അളവ്. തലമുറകളായി നാട്ടിലുള്ള എല്ലാ കുട്ടികൾക്കും വെള്ളത്തിന്റെ ഈ അളവ് മനക്കണക്ക് ആണ്. 
ഒന്നും രണ്ടും പടി ഞാൻ പെട്ടെന്ന് ഇറങ്ങി മൂന്നാം പടി ഇതുവരെ തൊട്ടിട്ടില്ല അത് നീന്തൽ പഠിച്ചതിനു ശേഷം മാത്രമേ പറ്റുകയുള്ളൂ. പലപ്പോഴും വെള്ളത്തിൽ ഇറങ്ങുമ്പോൾ മൂന്നാം പടിയെ കാൽകൊണ്ടു തൊടാൻ ഒരു ശ്രെമം നടത്തിയിട്ടുണ്ട് പക്ഷെ ഇതുവരെ അത് സാധിച്ചിട്ടില്ല. അപ്പോഴേക്കും മൂക്കൊപ്പം വെള്ളം വരും പേടിച്ചു പിന്മാറും. രണ്ടാം പടിയിൽ ഇറങ്ങി ഞാൻ ചുറ്റും നോക്കി പരിസരത്തെങ്ങും ആരും ഇല്ല. പോക്കെറ്റിൽ നിന്നും വിസിൽ എടുത്തു നോക്കി. ഇളം വെയിലേറ്റു വെള്ളിയിൽ തീർത്ത ആ വിസിൽ ഒന്ന് തിളങ്ങി. അവളുടെ മുഖം പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടി വന്നു. ഇനി പോകുമ്പോൾ ഇത് അവൾക്കു സമ്മാനം ആയി നല്കണം. 
ഈ ചിന്തയുമായി ഞാൻ വെള്ളത്തിനടിയിലേക്ക്‌ പതിയെ മുങ്ങി വിസിൽ എടുത്തു വായിൽ വെച്ച് അതുവരെയുള്ള ദേഷ്യവും സങ്കടവും ഒക്കെ പുറത്തെടുത്തു വിജയഭാവത്തോടെ ശക്തിയായ് ഊതി.........
 
മൂക്കിലും വായിലും വെള്ളം ഇരച്ചു കയറി അതിനിടയിൽ കാൽ വഴുതി മൂന്നാം പടി കടന്നു നിലയില്ല കയത്തിലേക്ക് നേരെ താഴ്ന്നു. എനിക്കും മുന്നേ വിസിൽ താഴേക്ക്‌ പോകുന്നു. ആ താഴ്ചയിലും അവനെ പിടിക്കാൻ ഞാൻ ഒന്ന് ശ്രെമിച്ചു. അപ്പോഴേക്കും ആകെ ഇരുട്ട് പരന്നു തുടങ്ങി ശ്വാസം കിട്ടുന്നില്ല ഞാൻ താഴേക്ക്‌ പൊയ്ക്കൊണ്ടിരുന്നു. 
എല്ലാം അവസാനിക്കാൻ പോകുന്നു എന്ന തോന്നൽ വന്നതും ആരോ എന്നെ പിടിച്ചത് പോലെ ഞാൻ സർവ്വ ശക്തിയും എടുത്തു ആ കൈകളിൽ കടന്നു പിടിച്ചു. പിന്നെ ഒരു ബഹളം ആയിരുന്നു ഞാനും അയാളും ഒരുമിച്ചു താഴേക്ക്‌ പോയി. ഒരുവിധത്തിൽ അയാൾ എങ്ങനെയോ എന്നെ വലിച്ചു കരക്കിട്ടു. ആദ്യത്തെ അടി പൊട്ടി .. നീ എന്നെയും കൂടെ കൊല്ലുമോട ചെക്കാ എന്ന ചോദ്യവും. ഞാനും അയാളും ചുമച്ചു ശ്വാസം എടുക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു. രണ്ടു പേരും കുറെ വെള്ളം കുടിച്ചു. 

പെട്ടെന്ന് വെള്ളിടി പോലെ എന്റെ മനസ്സിൽ ആ ചോദ്യം വന്നു "എന്റെ വിസിൽ" . ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു മാമാ എന്റെ വിസിൽ വെള്ളത്തിൽ പോയി. നിന്റെ ഒരു വിസിൽ കേറി പോടാ എന്ന് പറഞ്ഞു കൊണ്ട് രണ്ടാമത്തെ അടിയും പൊട്ടി ... തരിഞ്ഞു നോക്കാതെയുള്ള ആ ഓട്ടത്തിനിടയിൽ പിന്നിലായ് അയാളുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു "ഏതാ ഈ ചെക്കൻ"...... ഭാഗ്യത്തിന് അയാൾക്കെന്നെ മനസ്സിലായില്ല. 

വർഷങ്ങൾ പിന്നെയും കടന്നു പോയി ചേട്ടൻ വീട്ടിലും ഞാൻ കുളത്തിന്റെ അടിയിലും സമയം കിട്ടുമ്പോൾ ഒക്കെ വിസിൽ തിരഞ്ഞു കൊണ്ടിരുന്നു. പിന്നിട് ഒരിക്കലും ഞാൻ അവധിക്കാലത്ത്‌ അമ്മയുടെ വീട്ടിൽ പോയിട്ടില്ല. കുളക്കടവിൽ എനിക്ക് മാങ്ങ തരാറുള്ള ആ പെൺകുട്ടിയെ പിന്നെ ഒരിക്കലും കണ്ടിട്ടില്ല. എന്തിനു അവളുടെ പേര് പോലും എനിക്കിന്ന് ഓർമ്മയില്ല. എല്ലത്തിനെക്കളും മുകളിൽ ആയിരുന്നു അന്ന് നഷ്ടം ആയ വെള്ളിയിൽ തീർത്ത  ആ വിസ്സിലിനു വേണ്ടിയുള്ള തിരച്ചിൽ.  

ഈ സംഭവം കഴിഞ്ഞിട്ട് ഏകദേശം ഇരുപതു വർഷം കഴിഞ്ഞിരിക്കുന്നു. ഇക്കൊല്ലം ഗൾഫിൽ നിന്ന് അവധിക്കു നാട്ടിൽ പോയപ്പോൾ പതിവ് പോലെ കുളത്തിൽ കുളിക്കാൻ പോയി. ചെറിയ വീട്ടിൽ നിന്നും ഞങ്ങൾ വലിയ വീട്ടിലേക്കു താമസം മാറിയത് പോലെ ഞങ്ങടെ നാട്ടിലെ ദൈവവും സമ്പന്നൻ ആയി. നാട്ടിലെ ഏറ്റവും ആസ്തിയുള്ള പ്രമാണി ഇപ്പോൾ ദൈവം ആണ്. പണ്ട് അമ്പലത്തിലെ തിടപ്പള്ളിയുടെ ഒരുവശം തകര്ന്നു വീണപ്പോൾ അത് നന്നായി ഇനി പട്ടിക്കും പൂച്ചക്കും സമാധാനമായി അതിനുള്ളിൽ കടന്നു ആഹാരം കഴിക്കാമല്ലോ, മൊത്തത്തിൽ ഇനി എന്നായിരിക്കും പൊളിഞ്ഞു വീഴുന്നത് എന്ന് പറഞ്ഞു കൈ കൊട്ടി ചിരിച്ച കണാരേട്ടന്റെ മകൻ ആണ് ഇന്ന് അമ്പലത്തിലെ സർവ്വധികാരി.അച്ഛന്റെ ഓർമ്മയ്ക്കായി പണിത സ്വർണ്ണ കൊടിമരത്തിനു ചുവട്ടിൽ കണാരേട്ടന്റെ പേരും.  

ഞാനും മോനും കുളത്തിലേക്ക്‌ കുളിക്കാൻ ഇറങ്ങി ഭാര്യ കരയിൽ അതും കണ്ടു ഇരിക്കുന്നുണ്ടായിരുന്നു. മൂന്നാമത്തെ പടിയും കടന്നു ഞാൻ താഴേക്ക്‌ പോയി വെള്ളത്തിന്‌ അടിയിൽ പതിയെ തിരഞ്ഞു ആ വിസ്സിലിനു വേണ്ടി.  മുകളിൽ വന്നു ശ്വാസം എടുത്തു വീണ്ടും താഴേക്ക്‌ പോയി. ഇത് കണ്ടു കൊണ്ടിരുന്ന ഭാര്യ നിങ്ങൾ എന്താണ് ഈ തിരയുന്നത് എന്ന് അന്വേഷിച്ചു പെട്ടെന്ന് ഞാൻ വെള്ളാരം കല്ല്‌ എന്ന് മറുപടി നല്കി വീണ്ടും താഴേക്ക്‌ പോയി. അപ്പോഴേക്കും കുളത്തിനു അടിയിലെ ചളി ഇളകി ഞാൻ നില്ക്കുന്നതിനു ചുറ്റും കലങ്ങി തുടങ്ങി. കുളിച്ചു കയറിയ മോൻറെ തല തുവർതുന്നതിനു ഇടയിൽ അവൾ ചിരിച്ചുകൊണ്ട് കളിയായ്‌ പറഞ്ഞു നിങ്ങടെ തലയിലെ ചളി ഇളകി തുടങ്ങി ഇനി കുളം കൂടെ കലക്കണ്ട .... അതും പറഞ്ഞു  മോനെയും കൊണ്ട് അവൾ ദീപാരാധന തൊഴാൻ അമ്പലത്തിലേക്ക് നടന്നു.. 

ഞാൻ പതിയെ കരയിൽ കയറി കൽപ്പടവിൽ ഇരുന്നു. എന്ത് കൊണ്ടാണ് എന്ന് അറിയില്ല  കുട്ടിക്കാലത്ത് നഷ്ടം ആയ ആ വിസിൽ ഇന്നും എന്റെ മനസ്സിൽ ഒരു നഷ്ടം ആയി അങ്ങനെ തുടരുന്നു. 
അമ്പലത്തിൽ നിന്നും ശംഖൊലി മുഴങ്ങി ശ്രീകോവിൽ നട തുറന്നു...... മണി അടിക്കുന്ന ശബ്ദം കേട്ട് കട വാവലുകൾ ഉണർന്നു ഉറക്കെ കരഞ്ഞു കൊണ്ട് കാവിനു ചുറ്റും വട്ടം ഇട്ടു ആകാശത്ത് പറന്നു. ചെറിയ ഒരു കാറ്റ് വീശി അതിൽ ചൂരൽ പഴത്തിന്റെ ഗന്ധം ഉണ്ട്. ദീർഖ നിദ്രയിൽ നിന്നും ഇനി പാമ്പുകൾ ഉണരും. മരത്തിൽ നിന്നും അവർ താഴേക്ക്‌ ഇറങ്ങും. തല തുവർത്തി ഞാൻ  ക്ഷേത്രത്തിലേക്ക് നടന്നു, തിരിഞ്ഞു കാവിലേക്കു നോക്കിയില്ല തിരിഞ്ഞു നോക്കിയാൽ പാമ്പുകൾ വഴി തെറ്റിക്കും. വീണ്ടും അവർ നമ്മെ കാവിനുള്ളിലേക്ക് കൊണ്ട് പോകും.
ഗൾഫിലേക്കു മടങ്ങാൻ ഇനി ഒരാഴ്ച കൂടി മാത്രമേ ബാക്കി ഉള്ളു. എന്തായാലും നാളെ രാവിലെ വന്നു ഒന്നുകൂടെ തിരയണം. 
ആകാശത്ത് വട്ടമിട്ട കടവാവലുകൾ ദൂരേയ്ക്കു പറന്നു. കാവിനുള്ളിലെ ഇരുട്ടിനു കനം വെച്ചു, ഉറക്കം ഉണർന്ന പാമ്പുകൾ പതിയെ ഭൂമിയിലേക്ക്‌ ഇറങ്ങി.....
 
ശുഭം 

തമ്പുരാൻ സന്തോഷ് 

No comments:

Post a Comment