Monday, June 11, 2012

ജീവിതം ഉരുള്‍പൊട്ടുമ്പോള്‍...


തോരാതെ പെയ്ത മഴയുള്ളരാ 
കര്‍ക്കിടക വാവിന്‍ 
കറുത്ത രാവിലായിരുന്നെന്റെ പിറവി

പിറവിയുടെ നോവ്‌ മാറും മുന്നേ 
ജന്മം നല്കിയവളെ കൊന്നു
ഞാനെന്‍ വരവറിയിച്ചു
ഈ ലോകത്തിനു.

ആശുപത്രി കിടക്കയില്‍ 
ചോരവാര്‍ന്നെന്‍ അമ്മ 
മരണത്തോട് മല്ലിടുമ്പോള്‍ 
ദൂരെയെന്‍ കുടിലില്‍ 
പാതിചത്തൊര ദേഹവുമായി 
വിധിയുടെ ദയക്കായി യാചിച്ച
അച്ഛനേയും കൊണ്ട് ആ 
മലവെള്ള പാച്ചില്‍ കടന്നു പോയി.

കൊടിയ അനാഥത്വത്തിന്‍ 
കടുത്ത ദാരിദ്ര്യം പേറി 
ഒരുപാട് അലഞ്ഞു ഞാന്‍
അതിന്നുമോര്‍മയുണ്ട്  

ഒരു ദുശകുനമായിരുന്നെന്‍
ഗ്രാമ വാസികള്‍ക്ക് ഞാന്‍
എന്റെ വരവത്രേ
ഗ്രാമത്തിനന്നാ ദുരന്തം വിധിച്ചത്

ചിറകു മുളക്കും മുന്നേ 
അതെന്നെ ഒരുപാട് ദൂരങ്ങളിലേക്ക് 
പരന്നുപോകാന്‍ പ്രേരിപ്പിച്ചു.

ഉയരത്തില്‍ പറക്കാന്‍ 
കൊതിച്ചപ്പോഴെല്ലാം 
വിധിയെന്നെ പിന്നെയും 
പിന്നിലാക്കി മുന്നിലായോടി 

പിഴച്ചതെവിടെയെന്നു ഇന്നുമറിയില്ല
പണ്ടാരോ പറഞ്ഞത് ഓര്‍മയിലുണ്ട് 
എന്റെ പിറവി തന്നെ 
അമ്മയ്ക്ക് പറ്റിയൊരു 
പിഴവിന്‍ ബാക്കിയത്രേ.

കാലമേറെ ഇഴഞ്ഞുപോയെന്‍
മുന്നിലായ്
വിധി തന്ന രോഗവും പേറി 
ഒടുവിലി 
ആശുപത്രി ശയ്യയില്‍ 
മരണത്തോട് മല്ലിടുമ്പോള്‍ 

അറിയാതെ ആശിച്ചു പോകുന്നു
ആ കര്‍ക്കിടക വാവും 
കറുത്ത രാത്രിയും ഒരുവേള 
വന്നെങ്കില്‍ ഒന്നുകൂടി.

തമ്പുരാന്‍ 

No comments:

Post a Comment