Saturday, March 10, 2012

കൈലാസം


ഞാന്‍ ഒരു യാത്രയിലാണ്, തിരുവനന്തപുരത്ത് നിന്നും ഈ യാത്ര പുറപ്പെടുമ്പോള്‍ ലെക്ഷ്യം കൃത്യമായിട്ട്‌ മനസ്സില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ഉടനെ എങ്ങും അവസാനിക്കാത്ത ഒരു യാത്ര ആകും എന്ന് മനസ്സില്‍ നന്നേ ഉറപ്പിച്ചിരുന്നു. യാത്രക്ക് പ്രത്യേകിച്ചു ഉദ്ദേശം ഒന്നും ഇല്ല, എങ്കിലും കുറെ എഴുതണം അതിലുപരി കുറെ സ്ഥലങ്ങള്‍ കാണണം. ഇപ്പോള്‍ അതിനുള്ള തയ്യാറെടുപ്പിലാണ്. എവിടെ അവസാനിക്കും എന്ന് കൃത്യമായിട്ട്‌ പറയാന്‍ കഴിയാത്ത ഒരു യാത്ര. 

യാത്ര ആരംഭിച്ചത് മുതല്‍ എനിക്ക് അകമ്പടി എന്നോണം ട്രെയിനിനു പിന്നാലെ മഴ ഉണ്ട്. ചിലപ്പോള്‍ ചിരിച്ചും, ചിലപ്പോള്‍ വിഷാദരാഗം മൂളിയും, ചിലപ്പോള്‍ കലി തുള്ളിയും ഒക്കെ മഴ ആരോടോ തന്റെ വിഷമങ്ങള്‍ പങ്കു വൈക്കാന്‍ ശ്രെമിക്കുന്ന പോലെ ഒരു തോന്നല്‍. എന്റെ മനസ്സ് ആകെ കലുഷിതമാണ്‌, പേപ്പര്‍ എടുത്തു എന്തെങ്കിലും ഒക്കെ കുത്തി കുറിച്ചാലോ എന്ന് ആലോചിച്ചു പക്ഷെ എന്ത് എഴുത്തും. എഴുതുവാന്‍ വേണ്ടി എന്തെങ്കിലും കിട്ടുമോ എന്ന് അറിയാന്‍ വേണ്ടി ഞാന്‍ അടുത്തിരിക്കുന്നവരില്‍ ഒന്ന് കണ്ണോടിച്ചു, വ്യത്യസ്തത ഉള്ള ഒന്നും കാണുന്നില്ല എല്ലാ മുഖങ്ങളിലും സ്ഥായിയായ വിഷാദം മാത്രം. എന്റെ തന്നെ കഥ എഴുതിയാലോ എന്നും ചിന്തിച്ചു "സ്വപ്നങ്ങള്‍ മാത്രം ഇപ്പോഴും സ്വന്തമായുള്ള എനിക്കെന്തു കഥ". മഴ കുറയുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. വിഷാദ രാഗവും മൂളി അത് പിന്നെയും എന്റെ കൂടെ ഉണ്ട്. 

ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തി എന്ന് തോന്നുന്നു, എന്റെ യാത്രയ്ക്കു കൃത്യമായ ലെക്ഷ്യമോ സമയ പരിധിയോ ഇല്ലാത്തതു കൊണ്ട് എവിടെ എത്തി എന്ന് നോക്കാന്‍ ശ്രെമിച്ചില്ല, ഈ യാത്ര തുടങ്ങിയപ്പോള്‍ കണ്ടു പരിചയം വന്ന മുഖങ്ങള്‍ ഔപചാരികതയുടെ നന്ദി വാക്കുകളും ആശംസകളും നല്‍കി യാത്ര ആയി. അവര്‍ ഒഴിഞ്ഞു പോയ സ്ഥലങ്ങളില്‍ അപരിചിതര്‍ വന്നു കൊണ്ടിരുന്നു അവരും കുറെ കഴിയുമ്പോള്‍ പരിചിതരായി മാറും പിന്നെ അവരും യാത്ര പറയും ആ സ്ഥലങ്ങള്‍ വേറെ ചിലര്‍ കയ്യടക്കും ഒടുവില്‍ അവരും വിടപറയും, ഞാന്‍ മാത്രം ലെക്ഷ്യമില്ലാത്ത ഈ യാത്ര തുടരും. 

പുറത്തൊരു പൂവില്‍ പതിയെ ഒരു ചിത്രശലഭം വന്നിരുന്നു അത് തേന്‍ നുകരാന്‍ ഉള്ള ശ്രെമത്തില്‍ ആണെന്ന് തോന്നുന്നു. അതാകണം ചെടി ഒരു നാണത്തോടെ തന്റെ തല താഴ്ത്തി കൊടുത്തത്. "പൂവിനും ശലഭത്തിനും അറിയാം തങ്ങളുടെ രണ്ട് പേരുടെയും ആയുസ്സ് ഈ പകല്‍ എരിഞ്ഞടങ്ങുന്നത് വരയെ ഉള്ളു എന്ന് എങ്കിലും അവര്‍ ആസ്വദിക്കുന്നു ഈ ക്ഷണിക ജീവിതം. വാനിന്റെ അതിരുകള്‍ ഭേദിച്ചു അനന്ത വിശാലമായ ആകാശ സീമയില്‍ അത് പറന്നു കളിക്കുന്നു. നമ്മുടെ കാര്യം എടുക്കുകയാണെങ്കില്‍ ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കണ്ടാലും പിന്നെയും ഭാവിയിലേക്ക് നോക്കിയുള്ള വെറും നെടുവിര്‍പ്പുകള്‍ മാത്രമാണ് നമുക്കു ജീവിതം എന്ന് പറയുന്നത്. പലരും ചിരിക്കാന്‍ തന്നെ മറന്നു പോയിരിക്കുന്നു ഈ ജീവിതത്തില്‍. "സത്യത്തില്‍ ഇവിടെ ആരെങ്കിലും ജീവിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല, ഞാന്‍ കണ്ട അല്ലെങ്കില്‍ പരിചയപെട്ട എല്ലാ മുഖങ്ങളും ജീവിക്കാനുള്ള തയ്യാറെടുപ്പില്‍ മാത്രം ആയിരുന്നു. "എല്ലാ വഴികളും ഒരിടത്ത് അവസാനിക്കുന്നത്‌ വരെയുള്ള ഒരു തയ്യാറെടുപ്പ്".  
 

ഈ യാത്ര പുറപ്പെടുമ്പോള്‍ എന്റെ മകള്‍ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു അച്ഛന്‍ എവിടെ പോകുവാ അമ്മേ എന്ന്,. ഞാന്‍ പ്രതീക്ഷിച്ച മറുപടി തന്നെ വന്നു അവളില്‍ നിന്നും "ഇവിടെ ജോലി എടുക്കാനും കുടുംബം നോക്കാനും ഞാന്‍ ഉണ്ടല്ലോ, പിന്നെ നിന്റെ അച്ഛന് എവിടെ പോയാല്‍ എന്താ".. 

കലാലയ ജീവിതത്തിലെ ഞങ്ങളുടെ പ്രണയ കാലത്ത് എനിക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം തന്നിരുന്നത് അവളാണ്. എന്റെ അക്ഷരങ്ങള്‍ ആണ് അവളെ എന്നിലേക്ക്‌ അടുപ്പിച്ചത് പോലും. "കലാലയത്തിലെ മയാലോകത്തിനു അപ്പുറം ജീവിതം എന്ന യാഥാര്‍ത്ഥ്യത്തില്‍ അവളുടെ കൈ പിടിച്ചപ്പോള്‍ എവിടെയൊക്കെയോ കാലിടറി. എനിക്ക് എന്നെ തന്നെ നഷ്ടമായി.. എന്റെ അക്ഷരങ്ങള്‍ ജീവിതം എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ എവിടെയോ നഷ്ടമായി.  

ജീവിതത്തില്‍ എന്തൊക്കെയോ ആകണമെന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിച്ചു. എഴുത്തിലുടെ എനിക്ക് ഈ ലോകത്തെ തന്നെ എന്റെ കാല്‍ കീഴില്‍ കൊണ്ട് വരാന്‍ കഴിയുമെന്ന് ആശിച്ചു ഒടുവില്‍ പ്രണയ വിവാഹത്തിലുടെ എല്ലാം നഷ്ടമായി. "വിവാഹം തന്നെ വേണ്ടായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ഒരു പാട് താമസിച്ചു. ഇന്ന് അവളും മോളും ഒരു ബാധ്യത ആണ്. എന്റെ അക്ഷരങ്ങള്‍ ഈ ജീവിതത്തിനിടയില്‍ എവിടെയോ എനിക്ക്ക് അന്യം വന്നിരിക്കുന്നു. അതിനെ വീണ്ടെടുക്കാന്‍ ഉള്ള ഒരു യാത്രയിലാണ് ഞാന്‍ ഇപ്പോള്‍.  

കാലയവനികൈക്കുള്ളില്‍ എന്നോ ഞാന്‍ തന്നെ മറന്നു പോയ എന്റെ അക്ഷരങ്ങള്‍ക്ക് വീണ്ടും തീപിടിക്കണം എനിക്കൊരു പുനര്‍ ജന്മം വേണം. അതിനുള്ള ഏക തടസ്സം അവളും മോളും ആയിരുന്നു. അതുകൊണ്ട് തന്നെ ആണ് അവരോടു പോലും എന്ന് മടങ്ങി വരുമെന്ന് പറയാതെ ഉള്ള ഈ യാത്ര ഒരു പക്ഷെ ഇനി ഒരിക്കലും ഒരു മടക്കം ഉണ്ടായെന്നു വരില്ല. ഇനി പുതിയ ലോകം പുതിയ ജീവിതം ഞാനും എന്റെ അക്ഷരങ്ങളും മാത്രം..

ട്രെയിനിന്റെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു നല്ല നീളമുള്ള ഒരു പാലത്തെ മറികടക്കാന്‍ ഉള്ള ശ്രെമത്തില്‍ ആണ് ആ മഹാമേരു ഇപ്പോള്‍. പാലത്തിനു താഴെ അതിമനോഹരിയായ പുഴ രൌദ്ര ഭാവം പൂണ്ടു ആര്‍ത്തലച്ചു കൊണ്ട് വരുണ ഗേഹം പൂകാന്‍ അതിവേഗം ഒഴുകുന്നു. അവളുടെ യാത്രക്ക് വേഗം കൂട്ടാനെന്നോണം മഴ പിന്നെയും ശക്തിയായി പെയ്യുന്നു. എന്റെ ചിന്തകള്‍ക്ക് പിന്നെയും നിറം പിടിക്കുന്നു "കയ്യില്‍ ഇരിക്കുന്ന പേപ്പറില്‍ എഴുതാനുള്ള കഥയുടെ തലക്കെട്ട്‌ മാത്രമേ ആയിട്ടുള്ളൂ "കൈലാസം" എങ്ങിനെ തുടങ്ങണം എന്ന് ഇതുവരെയും ഒരു രൂപം കിട്ടിയിട്ടില്ല. എന്റെ എല്ലാ കഥയുടെയും പോലെ ഇതിന്റെയും അവസാനം ദുരന്തമാണ് അത് ഞാന്‍ ആദ്യമേ മനസ്സില്‍ കുറിച്ചു. കഥയുടെ അവസാനം ആദ്യം എഴുതും പിന്നെ അതിനനുസരിച്ച് തുടക്കം കൊടുക്കും ഇതാണെന്റെ പതിവ്.

ടപ്പേന്ന്...എന്തോ ഒന്ന് ശക്തിയായി ട്രെയിനില്‍ വന്നിടിച്ചു.....ആ ശബ്ദം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് അതെന്താണെന്ന് മനസ്സിലാകും മുന്നേ ട്രെയിന്‍ പാലത്തിനു മുകളില്‍ നിന്നും താഴെ ഒഴുകുന്ന പുഴയ്ക്കു മുത്തം കൊടുക്കനെന്നവണ്ണം ഞങ്ങളെയും കൊണ്ട് പറന്നു... ഒരു നിമിഷം അവളും മകളും എന്റെ മനസ്സിലേക്ക് കടന്നു വന്നു പിന്നെ പതിയെ എല്ലാം ഇരുട്ട് നിറഞ്ഞു. കാതില്‍ ശക്തിയായി ഒഴുകുന്ന പുഴയുടെ രൌദ്ര നൃത്തം. തീപിടിച്ച മനസ്സിന് എത്ര വെള്ളം കുടിച്ചിട്ടും ദാഹം പിന്നെയും ബാക്കി ആയി.."മഴ അപ്പോഴും വിഷാദ രാഗം മൂളി എനിക്ക് മുകളില്‍ കുട പിടിക്കുന്നുണ്ടായിരുന്നു. 

20120310

No comments:

Post a Comment