Tuesday, October 11, 2011

അമ്മ

അമ്മയ്ക്ക് അസുഖം കൂടിയിട്ട് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു എന്നും പറഞ്ഞു രാവിലെ തന്നെ അളിയന്റെ ഫോണ്‍ വന്നു. അല്പം സീരിയസ് ആണ് ഉടന്‍ തന്നെ നാട്ടിലേക്കു ചെല്ലണം.
ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ചു ടിക്കെടിന്റെ വിലതിരക്കിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് ഇത് സീസണ്‍ ടൈം ആണ് സാധാരണ ഉള്ളതിലും മൂന്നിരട്ടി ചാര്‍ജ് ആകുമെന്ന്. കണക്കു കൂട്ടിയപ്പോള്‍ ഇന്ന് തന്നെ പോകണമെന്നുന്ടെങ്കില്‍  എഴുപത്തി അയ്യായിരം രൂപയോളം ആകും ഒരു വശത്തേക്ക് മാത്രം ഉള്ള ചാര്‍ജ്. യാത്ര നാളേക്ക് മാറ്റിയാല്‍ ഒരു ഇരുപത്തി അയ്യായിരത്തില്‍ ഒതുങ്ങും. എണ്ണായിരം രൂപയില്‍ താഴെ മാത്രം ചാര്‍ജ് വരുന്ന ടിക്കെടിനാണ് ഈ പറഞ്ഞ പൈസ കൊടുക്കേണ്ടത്. അല്ലേലും വിമാന കമ്പനിക്കാര്‍ക്കും സര്‍ക്കാരിനും അറിയേണ്ട കാര്യം ഇല്ലാലോ അമ്മയെ കാണാന്‍ പോകുന്ന ഒരു മകന്റെ വേദന. സത്യത്തില്‍ ഇന്നും എന്റെ മനസ്സില്‍ ഒരു പ്രഹേളിക ആയിട്ട് തുടരുകയാണ്  ആ ചോദ്യം "ജീവിതത്തില്‍ പണതിനാണോ അതോ സ്നേഹത്തിനാണോ കൂടുതല്‍ പ്രാധാന്യം ഉള്ളത്"???......

ഒന്ന് കൂടെ ആശുപത്രിയിലേക്ക് വിളിച്ചു ചോതിച്ചു, ഒന്നും പറയാറായിട്ടില്ല നല്ല ചികിത്സ കൊടുത്താല്‍ ചിലപ്പോള്‍ രക്ഷ പെട്ടെക്കും. പക്ഷെ ആ സൗകര്യം ഈ ആശുപത്രിയില്‍ ഇല്ല എന്ന മറുപടിയും. പിന്നെ ഒന്നും ആലോചിച്ചില്ല കയ്യില്‍ ഉണ്ടായിരുന്ന പൈസയും, കടം മേടിച്ചതും കൂടെ ചേര്‍ത്ത് നാട്ടിലേയ്ക്ക് അയച്ചു. അമ്മയെ എത്രയും വേഗം കൊണ്ട് ചെന്ന് എത്തിക്കാന്‍ കഴിയുന്ന ഇടത്തില്‍ ഉള്ള നല്ല ആശുപത്രിയിലേക്ക് മാറ്റുക. എനിക്ക് വരാന്‍ കഴിയില്ല ജോലി തിരക്ക് ഉള്ളത് കൊണ്ട് ലീവ് കിട്ടില്ല എന്ന പ്രവാസിയുടെ സ്ഥിരം കള്ളവും.

റൂമിലുള്ള റഹിമിന് റംസാന്‍ കാലത്ത് കുറച്ചു പൈസ കടം കൊടുക്കാന്‍ കഴിഞ്ഞത് ഇന്നൊരു ആശ്വാസമായി. ഒരു ഇസ്ലാമിക് ബാങ്കിലെ (പലിശ രഹിത) നിക്ഷേപം പോലെ അത് അവിടെ കിടന്നു ആകെ ഉള്ള സമ്പാദ്യം ഇന്നതാണ്. റംസാന്‍ കാലത്ത് ഒത്തിരി പേരുടെ കയ്യില്‍ നിന്നും പണം കടം വാങ്ങി നാട്ടിലേക്കു അയക്കുന്ന അവനെ ഞാന്‍ ഒന്ന് ഉപദേശിച്ചതാണ്, പക്ഷെ ഉപദേശം കൊണ്ട് പഴം, പച്ചക്കറി, ഇറച്ചി, ഈന്തപഴം മുതലായ ഒന്നും കിട്ടില്ലലോ എന്ന് എനിക്കും നല്ലത് പോലെ അറിയാം. സാധാരണ മാസത്തേക്കാള്‍ മൂന്നിരട്ടി പണ ചിലവുന്ടത്രേ. എങ്കില്‍ പിന്നെ സാധാരണ പോലെ ജീവിച്ചിട്ട് ബാക്കി വരുന്ന രണ്ടിരട്ടി തുക പാവങ്ങള്‍ക്ക് കൊടുത്തു കൂടെ, പട്ടിണിയും കിടക്കേണ്ടി വരില്ലലോ? എന്ന എന്റെ ചോദ്യത്തില്‍ അവനു ഒത്തിരി നീരസം ഉണ്ടെന്നു പിന്നീടു ഒരിക്കല്‍ നാട്ടിലുള്ള അവന്റെ ജാതിക്കാരനായ എന്റെ ഒരു ചങ്ങാതി, റൂമില്‍ വന്നപ്പോള്‍ അവന്‍ അറിയാതെ എന്നോട് പറഞ്ഞു." ഞാന്‍ ആര്‍. എസ് . എസ്‌ കാരനാണോ എന്ന് അവന്‍ ചോദിച്ചത്രേ !!!.

എന്തായാലും പതിനാലു ദിവസത്തെ ആശുപത്രി ജീവിതത്തിനു ഒടുവില്‍ ഒരുനാള്‍ അമ്മ ഈ ലോകത്തോട്‌ വിട പറഞ്ഞു ശാശ്വതമായ ആ സത്യത്തെ തേടി പോയി...
അവസാന നിമിഷത്തിലും അമ്മ പറഞ്ഞത്രേ അവനെന്നോട് ഒരു സ്നേഹവും ഇല്ല, എന്നാലും അവന്‍ ഒന്ന് വന്നില്ലാലോ എന്നെ കാണാന്‍.


പ്രവാസികളുടെ എഴുതപെടാതെ പോകുന്ന അനേകം നൊമ്പരങ്ങളില്‍ ഒന്ന്.
20111011

No comments:

Post a Comment