Saturday, April 7, 2012

സൃഷ്ടി



വികാരത്തിന്റെ കുത്തൊഴുക്കിനു 
വേലി കെട്ടാനുള്ള തടമാത്രമായ് 
ഗര്‍ഭപാത്രങ്ങള്‍ മാറുമ്പോള്‍
സൃഷ്ടികള്‍ എങ്ങനെ മഹത്തരമാകും.

സൃഷ്ടികള്‍ മഹത്തരമല്ല
സ്വാര്‍ത്ഥത മാത്രം 
സ്നേഹത്തില്‍ ചാലിച്ച വെറും സ്വാര്‍ത്ഥത.

വെറുമൊരു തിരയിളക്കത്തിന്‍
ബാക്കി പത്രമത്രേ നീയും ഞാനും.

കൂരിരുട്ടിന് കൂട്ടായ് പേമാരി വന്നു
പേമാരിക്കൊടുവില്‍ ഉരുള്‍ പൊട്ടി
ആ ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോകാതെ 
ഒരു കല്ലിന്‍ കഷണം
കാലം അതിനു ജീവന്‍ നല്‍കി
രൂപം നല്‍കി, പേര് നല്‍കി പെരുമ നല്‍കി
മഹത്വരമെന്നു സ്വയം വാഴ്ത്തി
പുതിയ യുദ്ധത്തിനു അത് പോര്‍വിളികൂട്ടുന്നു

ആശ്വമേധങ്ങള്‍  തുടരുന്നു
സൃഷ്ടിയുടെ പുതിയ നാമ്പുകള്‍ മുള പൊട്ടുന്നു 

ജരാനരകള്‍ ബാധിച്ച കാലം
ചരിത്രത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ 
ദൂരെയൊരു കുടിയിലെവിടെയോ 
ഒരു കുഞ്ഞു കൂടി തേങ്ങി
ഒരു പുല്‍ക്കൊടിയുടെ പിറവി 
ഒരു പുതിയ ആശ്വമേധതിനു പാഞ്ചജന്യം 

പാല്‍ പുഞ്ചിരി മാറുന്ന ചുണ്ടില്‍
ദംഷ്ട്രകള്‍ മുളപൊട്ടാന്‍ നമുക്കു കാത്തിരിക്കാം
ഇനിയുമൊരു കുരുക്ഷേത്രം സ്വപ്നം കണ്ടു. 

തമ്പുരാന്‍

No comments:

Post a Comment